ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍നിന്നു പിന്മാറാന് ചൈന കൂട്ടാക്കാതിരിക്കെ, ഓരോ നാലുദിവസം കൂടുമ്പോഴും ഓരോ മെയ്ഡ് ഇൻ ഇന്ത്യ മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യ. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ചൈന പിന്‍വാങ്ങാന്‍ വിസമ്മതിച്ചതിനു പിന്നാലെയാണ് തുടർച്ചയായി അത്യാധുനിക മിസൈല്‍ സംവിധാനങ്ങള്‍ ഇന്ത്യ പരീക്ഷിക്കാനാരംഭിച്ചത്. അടുത്ത ആഴ്ചയില്‍, 800 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള നിര്‍ഭയ് സബ്സോണിക് ക്രൂയിസ് മിസൈല്‍ വിക്ഷേപിക്കുന്നതോടെ 35 ദിവസത്തിനിടെ ഇന്ത്യ നടത്തുന്ന പത്താമത്തെ പരീക്ഷണമാകും അത്.
കര, നാവിക സേനയിലെടുക്കും മുമ്പുള്ള അവസാനവട്ട പരീക്ഷണമാണിത്.പ്രതിരോധ ആയുധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒ ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായി തദ്ദേശീയ ആയുധങ്ങള്‍ വികസിപ്പിക്കുന്നത് ത്വരിതപ്പെടുത്തിയിരിക്കുകയാണ്.ഇന്ത്യ ഏറ്റവുമൊടുവില്‍ നടത്തിയ ആന്റി റേഡീയേഷന്‍ മിസൈല്‍ രുദ്രം 1-ന്റെ പരീക്ഷണവും വിജയകരമായിരുന്നു.പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആര്‍ഡിഒ) വികസിപ്പിച്ച രുദ്രം, സുഖോയ്-30 യുദ്ധവിമാനത്തില്‍നിന്നാണ് വിക്ഷേപിച്ചത്.
read also: ഇന്ത്യൻ സൈനികര്‍ക്കുള്ള സാമഗ്രികളുമായി ലേയില്‍ പറന്നിറങ്ങി സി 17 ഗ്ലോബ് മാസ്റ്റര്‍
ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ (0.6- 2 മാക്) പായാന്‍ കെല്‍പ്പുള്ള മിസൈലാണ് വ്യോമസേന വെള്ളിയാഴ്ച പരീക്ഷിച്ച രുദ്രം-1. വിക്ഷേപിക്കുന്ന ഉയരത്തിന് അനുസരിച്ച് 100 മുതല്‍ 250 കിലോമീറ്റര്‍ വരെ ദൂരത്തില്‍ സഞ്ചരിച്ച് ശത്രുവിന്റെ റഡാറിനെയും മറ്റ് ആശയവിനിമയ സംവിധാനങ്ങളേയും തകര്‍ക്കാനും രുദ്രത്തിന് സാധിക്കും.
ശത്രുക്കളെ ആകാശത്ത് വെച്ച് ഇല്ലാതാക്കാമെന്നതാണ് മിസൈലിന്റെ പ്രധാന സവിശേഷത. ആയുധ വികസനം ത്വരിതപ്പെടുത്താന്‍ ഡി.ആര്.ഡി.ഒയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം ലഭിച്ചിരുന്നുവെന്ന് ആയുധ വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post