ഗൈഡഡ് മിസൈലുകളെ പൊതുവെ ബാലിസ്റ്റിക് മിസൈലുകൾ എന്നും ക്രൂയിസ് മിസൈലുകൾ എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട് .ഈ രണ്ടു വിഭാഗങ്ങളുടെയും സവിഷേഷതകൾ ഉൾക്കൊള്ളുന്ന എയ്‌റോ ബാലിസ്റ്റിക്ക് മിസൈലുകൾ എന്ന ഒരു വിഭാഗം മിസൈലുകളും നിലവിലുണ്ട് . പക്ഷെ ഇപ്പോൾ വിരലിലെണ്ണാവുന്ന തരം എയ്‌റോ ബലിസ്റ്റിക്ക് മിസൈലുകൾ മാത്രമേ പ്രായോഗികമായി വിന്യസിക്കപ്പെട്ടിട്ടുള്ളൂ.
ബാലിസ്റ്റിക് മിസൈലുകൾ ഒരു പരാബോളിക പഥത്തിലൂടെ ഭൗമാന്തരീക്ഷത്തിനു വെളിയിൽ വളരെ മുകളിൽ എത്തിയതിനുശേഷം (നൂറുകണക്കിന് കിലോമീറ്ററുകൾ മുകളിൽ) തിരിച്ചു ലക്ഷ്യസ്ഥാനത്തു പതിക്കുകയാണ് ചെയുന്നത് .ഭൗമാന്തരീക്ഷത്തിനു വെളിയിൽ സഞ്ചരിക്കേണ്ടതുള്ളതുകൊണ്ട് ബാലിസ്റ്റിക് മിസൈലുകളിൽ റോക്കറ്റ് എഞ്ചിനുകളാണ് സാധാരണ ഉപയോഗിക്കുന്നത് .പരിധിയുടെ അടിസ്ഥാനത്തിൽ ബാലിസ്റ്റിക് മിസൈലുകളെ ഹ്രസ്വ ദൂര ( UP TO 500KM RANGE ) ,മധ്യ ദൂര (500-5500 KM RANGE ) ,ദീർഘദൂര-ഭൂഖണ്ഡാന്തര (RANGE OVER 5500 KM ) എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്
ക്രൂയിസ് മിസൈലുകൾ ആകട്ടെ ഭൗമാന്തരീക്ഷം വിട്ടുപോകുന്നില്ല . പല ക്രൂയിസ് മിസൈലുകളും ഭൗമപ്രതലത്തിന് മീറ്ററുകൾ മുകളിലൂടെ പറന്നു ലക്ഷ്യ സ്ഥാനത് എത്താൻ പ്രാപ്തിയുള്ളവയാണ് .താഴ്ന്ന് പറക്കുന്ന വസ്തുക്കളെ ഭൗമ റഡാറുകൾ(GROUND BASED RADARS) കൊണ്ട് കണ്ടുപിടിക്കാൻ പ്രയാസമാണ് .അതിനാൽ തന്നെ ക്രൂയിസ് മിസൈലുകളെ കണ്ടുപിടിക്കുന്നതും നശിപ്പിക്കുന്നതും ദുഷ്കരമാണ് .ക്രൂയിസ് മിസൈലുകളെ പ്രധാനമായും വേഗതയുടെ അടിസ്ഥാനത്തിലാണ് തരം തിരിച്ചിരിക്കുന്നത് .
ശബ്ദ വേഗതയിൽ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന ക്രൂയിസ് മിസൈലുകളെ സബ് സോണിക് ക്രൂയിസ് മിസൈലുകൾ എന്നും മാക് ഒന്നുമുതൽ മാക് അഞ്ചു വരെ വേഗതയിൽ സഞ്ചരിക്കുന്നവയെ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളെന്നും മാക് അഞ്ചിനേക്കാൾ വേഗതയിൽ സഞ്ചരിക്കാൻ പ്രാപ്തമായ ക്രൂയിസ് മിസൈലുകളെ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾ എന്നും പറയുന്നു .സബ്സോണിക് ,സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾ ഇപ്പോൾ തന്നെ വ്യാപകമായ സൈനിക ഉപയോഗത്തിലുണ്ട്.
ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ആകട്ടെ ഗവേഷണ -പരീക്ഷണ ഘട്ടങ്ങളിലാണ് .യു എസ് ഇന്റെ ടോമഹാക് ,റഷ്യയുടെ K H -55 എന്നിവയാണ് നിലവിലുള്ള പ്രശസ്തമായ സബ്സോണിക് ക്രൂയിസ് മിസൈലുകൾ .ഇൻഡോ റഷ്യൻ ബ്രഹ്മോസ് റഷ്യയുടെ P-500,P-700,P-800 തുടങ്ങിയവയാ ണ് ഇപ്പോൾ നിലവിലുള്ള ചില സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ .ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഒന്നും ഇപ്പോൾ ഉപയോഗത്തിലില്ല റഷ്യയുടെ സിർക്കോൺ ,ഇൻഡോ -റഷ്യൻ മിസൈലായ ബ്രഹ്മോസ് -2 എന്നിവയാണ് ഗവേഷണ -പരീക്ഷണ ഘട്ടങ്ങളിലുള്ള ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾ .
അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നതുകൊണ്ട് ക്രൂയിസ് മിസൈലുകൾക്ക് അന്തരീക്ഷ വായുവിലെ ഓക്സിജൻ തന്നെ ഓക്സികാരി ആയി ഉപയോഗിക്കാം .ബാലിസ്റ്റിക് മിസൈലുകളിൽ ഓക്സികാരി മിസൈലിൽ തന്നെ ഇന്ധനത്തെ പോലെ സംഭരിച്ചു വയ്ക്കുകയാണ് ചെയുന്നത് .അതിനാൽ തന്നെ ക്രൂയിസ് മിസൈലുകൾ ബാലിസ്റ്റിക് മിസൈലുകളെക്കാൾ വളരെ വലിപ്പവും ഭാരവും കുറഞ്ഞതാണ് . ഇവയെ വളരെ എളുപ്പത്തിൽ യുദ്ധവിമാനങ്ങളിലും യുദ്ധ കപ്പലുകളിലും ഘടിപ്പിക്കാൻ കഴിയും.
ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ കാലിക പ്രാധാന്യം
ഇപ്പോൾ ക്രൂയിസ് മിസൈലുകൾക്കെതിരായുള്ള പ്രതിരോധം തീർക്കുന്നത് കരയിൽ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന വ്യോമവേധ മിസൈലുകൾ കൊണ്ടും,ലുക്ക് ഡൌൺ ഷൂട്ട് ഡൌൺ പ്രാപ്തിയുള്ള യുദ്ധവിമാനങ്ങളിലൂടെയുമാണ് .ഇപ്പോൾ വളരെ കുറച്ചു യുദ്ധവിമാനങ്ങൾക്കു മാത്രമേ ലുക്ക് ഡൌൺ ഷൂട്ട് ഡൌൺ പ്രാപ്തി യുളൂ .റഷ്യയുടെ മിഗ് 31 യു എസ് ഇന്റെ F-15 സി എന്നിവയാണ് ആ യുദ്ധവിമാനങ്ങൾ .ഇപ്പോഴുള്ള എല്ലാ ക്രൂയിസ് മിസൈൽ പ്രതിരോധവും മാക് രണ്ടുമുതൽ മാക് നാലുവരെ വേഗതയുള്ള മിസൈൽ വേധ മിസൈലുകളിലൂടെയാണ് .
ഇപ്പോഴത്തെ സാഹചര്യത്തിൽ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകളെ വെടിവച്ചിടാൻ കഴിയുന്ന ഒരു മിസൈൽ സംവിധാനവും നിലവിൽ ഇല്ല .അത്തരം ഹൈപ്പർ സോണിക് മിസൈൽ വേധ സംവിധാനങ്ങൾ പ്രാവർത്തികമാക്കിയെടുക്കാൻ കുറഞ്ഞത് ഒരു ദശാബ്ദം എങ്കിലും എടുക്കും.ഒരു മിസൈലിനെ തകർക്കണമെങ്കിൽ ആ മിസൈലിനെക്കാൾ വേഗതയുള്ള ഒരു മിസൈൽ വേണം എന്നതാണ് മിസൈൽ വേധ മിസൈലുകളുടെ ഒരു പൊതു തത്വം . അതുകൊണ്ടു തന്നെ അടുത്ത കുറച്ചു വർഷങ്ങളിൽ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾ അഭേദ്യമായ ആയുധങ്ങളാകും .ഹൈപ്പർസോണിക് മിസൈലുകളെ കപ്പൽ വേധ മിസൈലുകൾ ആയി ഉപയോഗിച്ചാൽ വമ്പൻ വിമാന വാഹിനികൾക്കു വരെ ഭീഷണിയാകും. .ഈ കാരണങ്ങളാലാണ് ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകളെ സമീപ ഭാവിയിലെ യുദ്ധഗതി നിർണയിക്കുന്ന വജ്രായുധമായി കണക്കാക്കുന്നത്
നിർമാണത്തിലിരിക്കുന്ന ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾ
റഷ്യ ,ഇന്ത്യ , യൂ എസ് ചൈന എന്നെ രാജ്യങ്ങളാണ് ഇപ്പോൾ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ ഗവേഷണത്തിലും പരീക്ഷണത്തിലും മുഴുകിയിരിക്കുന്നത് .ഇസ്രേൽ ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കും ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ പദ്ധതികൾ നിലവിലുള്ളതായാണ് ലഭ്യമായ വിവരം .ഇവയിൽ റഷ്യയുടെ സിർക്കോൺ മിസൈൽ മാത്രമാണ് പ്രായോഗികമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത് .
യു എസ് ഉം ഇന്ത്യയും സ്ക്രാം ജെറ്റ് ഘടിപ്പിച്ച ക്രൂയിസ് മിസൈലുകൾ നിർമിക്കുന്നുണ്ട് .നമ്മുടെ ബ്രഹ്മോസ് -2 ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ 2021 ൽ പരീക്ഷിക്കപ്പെടാൻ സാധ്യതയുണ്ട് .പരീക്ഷണങ്ങൾ പൂർത്തിയാക്കി അടുത്ത ദശാബ്ദത്തിന്റെ മധ്യത്തിൽ ഈ മിസൈൽ നമ്മുടെ സൈന്യത്തിന്റെ കരുത്തായി മാറും എന്നാണ് കരുതുന്നത്.
ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ ആവിർഭാവം യുദ്ധതന്ത്രങ്ങളിലും ആയുധങ്ങളുടെ വിന്യാസത്തിലും കാതലായ മാറ്റങ്ങൾ വരുത്തും എന്ന കാര്യത്തിൽ സംശയമില്ല ആദ്യ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ വിന്യസിക്കുക റഷ്യ ആയിരിക്കും എന്ന് ഉറപ്പായപ്പോൾ മുതൽ യൂ എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികൾ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്ക് എതിരെയുള്ള പ്രതിരോധങ്ങളെപ്പറ്റിയും ചിന്തിച്ചുതുടങ്ങിയിട്ടുണ്ട് .പ്രതിരോധ മാർഗങ്ങൾ നിലവിൽവരുന്ന സമയം വരെയുള്ള കാലയളവിൽ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾ അതുള്ളവരുടെ വജ്രായുധങ്ങൾ തന്നെയായിരിക്കും.
Discussion about this post