റഷ്യയുമൊത്ത് സഹകരിച്ച് ബ്രഹ്മോസ് എന്ന ശബ്ദാതിവേഗ ക്രൂസ് മിസൈൽ നിർമ്മാണത്തിലേക്ക് കടന്ന ഇന്ത്യ സ്വന്തമായി ഒരു സബ്-സോണിക് ക്രൂസ് മിസൈൽ വികസിപ്പിക്കാനും ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. അതിന്റെ ഭാഗമായാണ് നിർഭയ് മിസൈൽ പ്രോഗ്രാമിന്റെ ജനനം. ശത്രു റഡാറുകളുടെ കണ്ണിൽപ്പെടാതെ പരമാവധി താഴ്ന്നു പറക്കുന്ന ട്രീ-ടോപ് ഫ്‌ളൈയിങ് സാങ്കേതികതയും ശബ്ദത്തിന്റെ വേഗതയോടടുക്കുന്ന ക്രൂസ് വേഗവും ഒത്തുചേർന്ന ഒരു പെർഫെക്റ്റ് മിസൈൽ ആയിരുന്നു അതിലൂടെ ഇന്ത്യ ലക്ഷ്യം വച്ചത്. നിർഭാഗ്യവശാൽ ആറു തവണ ടെസ്റ്റ് ചെയ്തിട്ടും പകുതി മാത്രം വിജയശതമാനം തന്ന നിർഭയ് മിസൈൽ അതിന്റെ പ്രഖ്യാപിതലക്ഷ്യത്തിൽ എത്തുന്നതിൽ പരാജയപ്പെട്ടു.
ബ്രഹ്മോസ് റഷ്യയുമായുള്ള സഹകരണത്തിന്റെ ഉല്പന്നമാണെങ്കിൽ നിർഭയ് പൂർണ്ണമായും തദ്ദേശീയമായ സാങ്കേതികവിദ്യയുടെ ബലത്തിൽ നിർമ്മിച്ചതാണ്. പക്ഷേ ലക്ഷ്യം തെറ്റുന്നതിനുള്ള സാദ്ധ്യത കൂടുതലായതിനാൽ നിർഭയ് പ്രോഗ്രാമിനെ ഭാരതം കയ്യൊഴിഞ്ഞു. നിർഭയിൽ സംഭവിച്ച തെറ്റുകൾ തിരുത്തി പകരം വരുന്ന കരുത്തനാണ് LRLACM – ഇന്ത്യയുടെ ആഗ്നേയാസ്ത്രം. സാധാരണ അവലംബിക്കാറുള്ള രീതി വിട്ട് ഇതുവരേയ്ക്കും ഒരു പ്രത്യേക പേര് തിരഞ്ഞെടുക്കപ്പെടാത്ത LRLACM ഇന്ത്യയുടെ സൈനികവിഭാഗങ്ങളുടെ ദീർഘകാല ആവശ്യങ്ങൾക്ക് തൃപ്തി പകരുന്ന തരത്തിൽ രൂപകൽപന ചെയ്യപ്പെട്ടതാണ്. Long Range Land Attack Cruise Missile (LRLACM) എന്നാണ് നിലവിൽ ഈ ആയുധം അറിയപ്പെടുന്നതെങ്കിലും നിർഭയ് എന്ന് തന്നെ നാമകരണം ചെയ്യപ്പെടുവാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
നിർഭയ് മിസൈലിന്റെ ലക്ഷ്യം ശത്രുവിന്റെ കണ്ണിൽപ്പെടാതെ പരമാവധി ദൂരം ശത്രുമേഖലയ്ക്കുള്ളിൽച്ചെന്ന് ശത്രുസൈന്യത്തെ തകർത്ത് തരിപ്പണമാക്കുക എന്നതായിരുന്നു. എന്നാൽ കൃത്യമായ ലക്ഷ്യത്തിലെത്തുന്നതിൽ നിർഭയ് പലപ്പോഴും പരാജയപ്പെട്ടു. ആ തെറ്റ് തിരുത്തും വിധമാണ് LRLACM രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്. ശബ്ദത്തിന്റെ വേഗത്തോട് ഏതാണ്ട് അടുത്ത വേഗത്തിൽ കൂടുതൽ ദൂരം സഞ്ചരിക്കുകയും എന്നാൽ ലക്ഷ്യത്തോടടുക്കുമ്പോൾ പെട്ടെന്ന് ശബ്ദാതിവേഗം കൈവരിച്ച് ബ്രഹ്മോസ് മിസൈലിനെപ്പോലെ വളരെ വേഗത്തിൽ ലക്ഷ്യം ഭേദിക്കുകയും ചെയ്യുന്ന ഒന്നാണ് LRLACM. ഈ പ്രത്യേകത കാരണം ശത്രുക്കൾക്ക് പ്രതികരിക്കുവാൻ ലഭിക്കുന്ന സമയം വളരെ കുറയുന്നു. വളരെ മികച്ച ഒരു മിസൈലാണെങ്കിലും ബ്രഹ്മോസിന്റെ പ്രധാന കുറവ് അതിന്റെ ദൂരപരിധിയാണ്. നിലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള രണ്ടാംതലമുറ ബ്രഹ്‌മോസിന്റെ നിർമ്മാണത്തിനുള്ള പ്രവൃത്തികളും നടന്നുവരുന്നു.
Discussion about this post