നജഫ്ഗഢ്… ആ പേരു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഏതൊരു ബൗളറെയും തച്ചുതകർത്തിരുന്ന ഇന്ത്യൻ ബാറ്റിങ്ങ്നിരയിലെ പവർഫുൾ ബാറ്റ്സ്മാൻ വീരേന്ദർ സേവാഗിനെയാണ്. എന്നാൽ സേവാഗിനും മുമ്പുതന്നെ നജഫ്ഗഢിനൊരു ഹീറോയുണ്ട്.
ക്യാപ്റ്റൻ പൃഥ്വിസിങ്ങ് ഡാഗർ (വീരചക്ര), 2 Grenadiers
1942ൽ ജനിച്ച ക്യാപ്റ്റൻ ഡാഗർ ഇരുപത്തൊന്നാം വയസ്സിൽത്തന്നെ പട്ടാളത്തിൽ കമ്മീഷൻഡ് ഓഫീസറായി. മൂന്നു വർഷത്തിനു ശേഷം 1967മാണ്ട് സെപ്റ്റംബർ മാസം ചൈനീസ് കടന്നുകയറ്റം ചെറുക്കാൻ സിക്കിം ബോർഡറിലെ നാഥു ലാ പാസിൽ ഇന്ത്യ നിർമ്മിക്കുന്ന കമ്പിവേലിയുടെ നിർമ്മാണ മേൽനോട്ടച്ചുമതലയുള്ള ടീമിൽ ക്യാപ്റ്റൻ ഡാഗറും ഉൾപ്പെട്ടു.
അതേ മാസം പതിനൊന്നാം തീയതി വേലി കെട്ടുന്ന ടീമുമായി ചൈനീസ് പട്ടാളക്കാർ മനപ്പൂർവ്വം പ്രശ്നം സൃഷ്ടിച്ചു. ഇന്ത്യൻ പട്ടാളം അവരെ ചെറുത്തു. തുടർന്ന് ചൈനീസ് സൈന്യം തിരികെപ്പോയി. പിന്നാലെ ഒരു വലിയ വിസിൽ മുഴങ്ങി. വേലിനിർമ്മാണം തുടർന്ന ഇന്ത്യൻ പട്ടാളക്കാരെ ചൈനീസ് പട്ടാളം പൊടുന്നനെ ആക്രമിച്ചു. തുടർന്നു നടന്ന രക്തരൂക്ഷിത യുദ്ധത്തിൽ ചൈനയുടെ ഹെവി ആർട്ടിലറി/ MMG ഫയറിൽ ഇന്ത്യൻ പട്ടാളത്തിന് സാരമായ നഷ്ടമുണ്ടായി.
കനത്ത യുദ്ധത്തിനിടെ കയ്യിൽ വെടിയേറ്റെങ്കിലും പിൻമാറാൻ കൂട്ടാക്കാത്ത ക്യാപ്റ്റൻ ഡാഗർ മരണമടഞ്ഞ മറ്റൊരു ജവാന്റെ തോക്കെടുത്ത് രണ്ടു ചൈനീസ് പട്ടാളക്കാരെക്കൂടി വധിച്ചു. പക്ഷേ കടുത്ത MMG ഫയറിനെതിരെ തന്റെ ടീമിന് അധികനേരം പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നു മനസിലാക്കിയ ആ ധീരൻ തന്റെ ജീവൻ വകവയ്ക്കാതെ കയ്യിൽ കിട്ടിയ ഗ്രനേഡുമായി MMG പൊസിഷനെ ആക്രമിച്ചു. അതിനിടെ സാരമായ പരുക്കേറ്റ ക്യാപ്റ്റൻ ഡാഗർ യുദ്ധക്കളത്തിൽ വീരചരമം പ്രാപിച്ചു.
അസാമാന്യമായ ആ ധീരതയെ ഭാരതം വീരചക്രം നൽകി ആദരിച്ചു.
P.S: മേജർ ഹർഭജൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള 8 Rajput ആയിരുന്നു അതേ പോസ്റ്റിലുണ്ടായിരുന്ന മറ്റൊരു ടീം. 3 ദിനരാത്രങ്ങൾ നീണ്ടു നിന്ന ആ യുദ്ധത്തിനൊടുവിൽ ഇന്ത്യയ്ക്ക് 70 ധീര ജവാന്മാരെ നഷ്ടമായി. ചൈനയുടെ കണക്കുപ്രകാരം 400 ചൈനീസ് പട്ടാളക്കാർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
Discussion about this post