പൊഖ്‌റാന്‍: തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ മിസൈല്‍ നാഗിന്റെ അന്തിമ പരീക്ഷണം വിജയം. രാജസ്‌ഥാനിലെ പൊഖ്‌റാനില്‍ ഇന്നലെ രാവിലെ 6.45നായിരുന്നു പോര്‍മുന ഘടിപ്പിച്ചുള്ള അവസാനവട്ട പരീക്ഷണം. മിസൈല്‍ വിജയകരമായി ലക്ഷ്യം ഭേദിച്ചെന്നു ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) അറിയിച്ചു. നാഗ് മിസൈല്‍ വാഹനമായ നമിക (NAMIKA) ആണ് മിസൈല്‍ വിക്ഷേപിച്ചത്.
സംരക്ഷിത കവചം തകര്‍ത്തുകൊണ്ട് ലക്ഷ്യസ്ഥാനത്ത് കൃത്യമായി മിസൈല്‍ പതിച്ചു.ശത്രു ടാങ്കുകളെ രാത്രിയും പകലും ഒരു പോലെ ആക്രമിച്ച് കീഴടക്കാന്‍ ആകും എന്നതാണ് ഡി. ആര്‍.ഡി. നിര്‍മ്മിച്ച നാഗ് മിസൈലിന്റെ പ്രത്യേകത. ഇതിനുമുമ്പ് പൊഖ്‌റാനില്‍ത്തന്നെ നടത്തിയ മൂന്നു പരീക്ഷണങ്ങളും വിജയിച്ചിരുന്നു. അവസാനവട്ട പരീക്ഷണവും പൂര്‍ത്തിയായതോടെ പ്രതിരോധ സ്‌ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ നാഗിന്റെ ഉല്‍പാദനം ആരംഭിക്കും. മിസൈല്‍ കാരിയറിന്റെ നിര്‍മാണം മേദക്കിലെ ഓര്‍ഡിനന്‍സ് ഫാക്‌ടറിയിലാകും.
ടാങ്കുകളും കവചിത വാഹനങ്ങളും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍ വൈകാതെ സേനയുടെ ഭാഗമാകും. തെര്‍മല്‍ ഇമേജിങ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിശ്‌ചയിച്ച് തൊടുക്കാവുന്ന മിസൈലിന്റെ ദൂരപരിധി 47 കിലോമീറ്ററാണ്. കര, വ്യോമ മേഖലകളില്‍നിന്ന് പ്രഹരിക്കാമെന്ന മെച്ചവുമുണ്ട്. മിസൈല്‍ പരീക്ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡി.ആര്‍.ഡി.ഒ. അധികൃതരെയും കരസേനയെയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.
Discussion about this post