ആധുനിക റഡാറുകളെപ്പോലും കബളിപ്പിക്കാൻ കഴിയുന്ന രൂപകൽപ്പന , ഏത് ലക്ഷ്യത്തെയും ഭസ്മമാക്കാൻ കഴിയുന്ന നശീകരണ ശക്തിയുള്ള ആയുധങ്ങൾ , കഴിവ് തെളിയിച്ച ഫ്രഞ്ച് സാങ്കേതികത , വ്യോമാക്രമണങ്ങളിൽ ഇതിനോടകം തെളിയിച്ച് കഴിഞ്ഞ പരിചയ സമ്പന്നതയും കഴിവും .. റഫേൽ ഇന്ത്യയുടെ ആകാശക്കരുത്താകുന്നത് ഇങ്ങനെയാണ്.
ശക്തമായ ഭൂതല ആക്രമണത്തിന് ശേഷിയുള്ള മൾട്ടി റോൾ ഫൈറ്റർ ആണ് റഫേൽ. അഞ്ചാം തലമുറയിൽ പെട്ടതല്ലെങ്കിലും ആ ശ്രേണിയില്പെട്ട പോർ വിമാനങ്ങളുടെ സവിശേഷതകൾ റഫേലിനുണ്ട്. അതുകൊണ്ട് തന്നെയാണ് ഒരു 4++ പോർവിമാനമായി റഫേലിനെ പരിഗണിക്കുന്നത്. വിവിധങ്ങളായ നശീകരണ ശക്തിയുള്ള ഹാമ്മർ , മെറ്റോർ, സ്കാൽപ്പ് മിസൈലുകളും ഇരുനൂറു കിലോമീറ്റർ അകലെ ശത്രുവിനെ കണ്ടെത്താൻ കഴിയുന്ന ആധുനിക റഡാറുകളും റഫേലിന്റെ പ്രത്യേകതയാണ്.
ചൈനയുടെ അത്യാധുനികമെന്ന് അവകാശപ്പെടുന്ന അഞ്ചാം തലമുറയിൽ പെട്ടതെന്ന് പറയപ്പെടുന്ന വിമാനമാണ് ചെംഗ്ഡു ജെ-20 . ഇതൊരു എയർ സുപ്പീരിയോറിറ്റി വിഭാഗത്തിൽ പെടുന്ന പോർ വിമാനമാണ്. അതായത് ശത്രു വ്യോമസേനയുടെ പോർ വിമാനങ്ങളെയോ മറ്റ് വിമാനങ്ങളെയോ വ്യോമ മേഖലയിൽ അടുപ്പിക്കാതിരിക്കാൻ കഴിവുള്ള പോർ വിമാനങ്ങളെയാണ് എയർ സുപ്പീരിയോറിറ്റി ഫൈറ്റർ എന്ന് വിളിക്കുന്നത്. ആകാശ യുദ്ധത്തിൽ അഥവാ ഡോഗ് ഫൈറ്റിലായിരിക്കും ഇവയ്ക്ക് കൂടുതൽ വൈദഗ്ദ്ധ്യമുള്ളത്.
ജെ- 20 യുടെ അഞ്ചാം തലമുറയെന്ന അവകാശവാദത്തിൽ വളരെയധികം സംശയങ്ങൾ പ്രതിരോധ രംഗത്തെ നിരീക്ഷകർ ഉയർത്തുന്നുണ്ട്. യഥാർത്ഥത്തിൽ ഇതിന്റെ എഞ്ചിൻ മൂന്നാം തലമുറ വിമാനങ്ങളുടെ എഞ്ചിന് സമാനമാണെന്നാണ് നിരീക്ഷണം. റഡാറുകളുടെ കണ്ണു വെട്ടിക്കാൻ കഴിയുന്നതു കൊണ്ട് സ്റ്റെൽത്ത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ജെ-20 ക്ക് ഇതിനുള്ള കഴിവില്ലെന്നും പാശ്ചാത്യ പ്രതിരോധ എഞ്ചിനീയർമാർ ചൂണ്ടിക്കാട്ടുന്നു.
ആകാശ യുദ്ധത്തിൽ സൂപ്പർ മാനുവറബിലിറ്റി അഥവാ അതിവേഗം ദിശയും വേഗതയും മാറ്റാനുള്ള കഴിവ് നിർണ്ണായകമാണ്. മിസൈലുകളിൽ നിന്ന് രക്ഷ നേടാൻ ഇത് വളരെ അത്യാവശ്യമാണ്. ഈ കഴിവുണ്ടെന്ന് പലതവണ തെളിയിച്ചിട്ടുള്ള പോർവിമാനമാണ് റഫേൽ . എന്നാൽ ജെ-20 യുടെ ഈ കഴിവ് ഇന്നേവരെ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല.അഞ്ചാം തലമുറ യുദ്ധവിമാനത്തിനുണ്ടെന്ന് അവകാശപ്പെടുന്ന സ്റ്റെൽത്തിൽ മാത്രമാണ് ചൈനയുടെ ജെ-20 ഇന്ത്യയുടെ റഫേലിനെ കടത്തിവെട്ടുന്നത്. എന്നാൽ സ്റ്റെൽത്ത് എന്ന് അവകാശപ്പെടുന്നില്ലെങ്കിലും വളരെ കുറഞ്ഞ റഡാർ ക്രോസ് സെക്ഷനുള്ള റഫേലും ശത്രുക്കൾക്ക് അത്ര എളുപ്പം കണ്ടെത്താൻ കഴിയുന്നതല്ല.
അഫ്ഗാനിസ്ഥാൻ ലിബിയ മാലി തുടങ്ങിയ രാജ്യങ്ങളിൽ സഖ്യസൈന്യത്തിന്റെ ഭാഗമായി വിജയകരമായ വ്യോമാക്രമണങ്ങൾ നടത്തിയ ഫൈറ്ററാണ് റഫേൽ . അതേസമയം ചൈനയുടെ ജെ-20 ഇന്നുവരെ ഒരു വ്യോമാക്രമണത്തിലും പങ്കെടുത്തിട്ടില്ല. പരമ പ്രധാനമായ വ്യത്യാസം ഇതൊന്നുമല്ല. 1948 മുതലിങ്ങോട്ട് വിവിധ യുദ്ധങ്ങളിൽ പങ്കെടുത്ത് കഴിവ് തെളിയിച്ച പരിചയ സമ്പന്നമായ സൈന്യമാണ് ഇന്ത്യയുടേത്. ഇന്ത്യൻ വ്യോമസേനയാകട്ടെ വിവിധ ഓപ്പറേഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. ആകാശയുദ്ധങ്ങളും ഭൂതല ആക്രമണങ്ങളും നിരവധി തവണ നടത്തിയിട്ടുണ്ട്. അതേ സമയം ഇന്നുവരെ ആകാശ യുദ്ധത്തിൽ ഏർപ്പെടാത്ത വ്യോമസേനയാണ് ചൈനയുടേത്.
ആകാശ യുദ്ധങ്ങളിൽ സാങ്കേതികതയ്ക്കൊപ്പം പരിചയ സമ്പന്നരായ പൈലറ്റുമാരും നിർണായക ഘടകമാകുമ്പോൾ ചൈനയ്ക്ക് മേൽ ഇന്ത്യയുടെ മേൽക്കൈ കൂടുതൽ ശക്തമാകുമെന്നാണ് നിഷ്പക്ഷ നിരീക്ഷകർ പോലും വിലയിരുത്തുന്നത്. റഫേലിനൊപ്പം ബ്രഹ്മോസ് ഘടിപ്പിച്ച സുഖോയ് 30 കൂടിയെത്തുമ്പോൾ ചൈനീസ് വ്യോമസേന വിയർക്കുമെന്നുള്ളതിൽ ഒരു സംശയവുമില്ല.
Discussion about this post