1932 ഒക്ടോബർ എട്ടിനാണ് ഇന്ത്യൻ വ്യോമസേന രൂപീകരിച്ചത്. വെറും 25 വൈമാനികർ മാത്രമായിരുന്നു ആദ്യമുണ്ടായിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്ന് പേരു ലഭിച്ച വ്യോമസേന 1954 ഓടെ പൂർണമായും ഇന്ത്യനായി. ഭാരതീയ വായുസേനയുടെ പിതാവ് എന്നറിയപ്പെടുന്ന എയർ ചീഫ് മാർഷൽ സുബ്രതോ മുഖർജിയായിരുന്നു ആദ്യ മേധാവി.
ഐക്യരാഷ്ട്ര സംഘടനയ്ക്ക് വേണ്ടി കോംഗോയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കാൻ ഇന്ത്യൻ വ്യോമസേനയ്ക്ക് കഴിഞ്ഞു. പ്രകൃതി ദുരന്തങ്ങളിലും ജനതയ്ക്ക് കൈത്താങ്ങായി സേന മാറി. യുദ്ധമുഖങ്ങളിൽ എക്കാലത്തെയും പോലെ കശ്മീർ തന്നെയായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ പ്രധാന പരീക്ഷണ കേന്ദ്രം.1962 ലെ ചൈന യുദ്ധത്തിൽ വ്യോമസേനയെ ഉപയോഗിക്കാഞ്ഞതിന് രാഷ്ട്രീയ നേതൃത്വം ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. വ്യോമസേനയെ ഉപയോഗിച്ചിരുന്നെങ്കിൽ യുദ്ധത്തിൽ ഇന്ത്യക്ക് തിരിച്ചടി നേരിടില്ലായിരുന്നുവെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.
1965 ലെ ഇന്തോ പാക് യുദ്ധത്തിൽ നിർണായക പങ്കു വഹിച്ച വ്യോമസേന പാക് കവചിത വാഹങ്ങൾക്ക് മേൽ ഇടിത്തീയായി പെയ്തിറങ്ങി. വിദഗ്ദ്ധരായ ഇന്ത്യൻ യുദ്ധ പൈലറ്റുകൾ പാകിസ്താന്റെ വിമാനങ്ങളെ വെടിവെച്ച് വീഴ്ത്തി ആകാശയുദ്ധത്തിൽ ഇന്ത്യക്ക് മേൽക്കൈ നൽകി. 1971 ലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.സധൈര്യം പോരാടിയ ഇന്ത്യൻ വൈമാനികർ എണ്ണത്തിലും സാങ്കേതിക വൈദഗ്ദ്ധ്യത്തിലും മുന്നിലായിരുന്ന പാകിസ്താനെ തോൽപ്പിച്ചോടിച്ചു. രാത്രിക്കാഴ്ച്ച സംവിധാനം ഇല്ലാതിരുന്നിട്ടുപോലും ഇന്ത്യൻ വ്യോമസേന ഇന്ത്യൻ ആർമിക്കും ഇന്ത്യൻ നാവികസേനയ്ക്കും ശക്തമായ പിന്തുണ നൽകി യുദ്ധഗതിയിൽ നിർണായക പങ്കു വഹിച്ചു. ലോകത്തെ എറ്റവും ഉയരം കൂടിയ യുദ്ധമേഖലയായ സിയാച്ചിൻ ഗ്ലേസിയർ പിടിക്കാൻ 1984 ൽ നടത്തിയ ഓപ്പറേഷൻ മേഘദൂത് വിജയിച്ചതിന് പിന്നിലും ഇന്ത്യൻ വ്യോമസേനയുടെ ആകാശക്കരുത്ത് തന്നെ.
https://www.facebook.com/BraveIndiaVideo/videos/329521318280101/
1999 ലെ കാർഗിൽ യുദ്ധമായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ ശക്തി പരീക്ഷിച്ച മറ്റൊരു സംഭവം. ഹെലികോപ്ടറുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്കൊപ്പം മിഗ് പോർവിമാനങ്ങൾ കൂടി ചേർന്നതോടെ കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തിന് കനത്ത നാശം സംഭവിച്ചു. പിന്നീട് മിറാഷ് 2000 നടത്തിയ വ്യോമാക്രമണം പാക് സൈന്യത്തെ തകർത്തു കളഞ്ഞു. അതിർത്തിയിൽ അതിക്രമിച്ച് കയറിയ പാക് നാവികസേന വിമാനത്തെ ഇന്ത്യയുടെ മിഗുകൾ തകർത്തതും 1999ൽ തന്നെ
പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി 2019 ൽ ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പിൽ തീമഴ വർഷിച്ച് മിറാഷ് ഇന്ത്യൻ വ്യോമസേനയുടെ ശക്തി വീണ്ടും തെളിയിച്ചു. ഇന്ത്യൻ അതിർത്തിയിലെക്കെത്താൻ ശ്രമിച്ച പാകിസ്താന്റെ എഫ് -16 നെ പിന്തുടർന്ന് തകർത്ത അഭിനന്ദൻ വർദ്ധമാൻ വ്യോമസേനയുടേയും രാജ്യത്തിന്റെയും ആവേശമായി മാറിയതും കഴിഞ്ഞ വർഷമാണ്.
നിലവിൽ അഞ്ച് ഓപ്പറേഷണൽ കമാൻഡുകളും രണ്ട് ഫംഗ്ഷണൽ കമാൻഡുകളുമാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് ഉള്ളത്. സെൻട്രൽ , ഈസ്റ്റേൺ , സതേൺ , സൗത്ത് വെസ്റ്റേൺ , വെസ്റ്റേൺ എന്നിവയാണ് ഓപ്പറേഷണൽ കമാൻഡുകൾ. ട്രെയിനിംഗ് , മെയിന്റനൻസ് കമാൻഡുകളാണ് ഫംഗ്ഷണൽ കമാൻഡിലുള്ളത്. ഇതിൽ സെൻട്രൽ കമാൻഡിന്റെ ആസ്ഥാനം ഉത്തർപ്രദേശിലെ അലഹബാദാണ്. ഈസ്റ്റേൺ എയർ കമാൻഡ് ആസ്ഥാനം മേഘാലയയിലെ ഷില്ലോംഗും വെസ്റ്റേൺ എയർ കമാൻഡ് ആസ്ഥാനം ന്യൂഡൽഹിയുമാണ്. സൗത്ത് വെസ്റ്റേണിന്റേത് ഗുജറാത്തിലെ ഗാന്ധിനഗറാണ്. സതേൺ കമാൻഡ് ആസ്ഥാനം കേരളത്തിലെ തിരുവനന്തപുരത്താണ്. മെയിന്റനൻസ് കമാൻഡ് ആസ്ഥാനം നാഗ്പൂരിലും ട്രെയിനിംഗ് ആസ്ഥാനം ബംഗളൂരുവുമാണ്.
എയർ സുപ്പീരിയോറിറ്റി പോർ വിമാനമായ സുഖോയ് 30 എം.കെ.ഐ ആണ് ഇന്ത്യൻ വ്യോമസേനയുടെ കുന്തമുന. 272 സുഖോയ് 30 വിമാനങ്ങളാണ് വ്യോമസേനയ്ക്കുള്ളത്. ബാലാകോട്ടിൽ തീമഴ വർഷിച്ച മിറാഷ് പോർ വിമാനങ്ങൾ 49 എണ്ണമുണ്ട്. മിഗ് 29 വിമാനങ്ങൾ 65 എണ്ണവും ഗ്രൗണ്ട് അറ്റാക്ക് ജാഗ്വാർ വിമാനങ്ങൾ 116 എണ്ണവുമുണ്ട്. മിഗ് 21 വിമാനങ്ങൾ 54 എണ്ണവും തദ്ദേശീയമായ തേജസ് പോർ വിമാനങ്ങൾ 18 എണ്ണവുമാണ് വ്യോമാക്രമണത്തിന് സർവ്വ സജ്ജമായുള്ളത്. നാലാം തലമുറ വിവിധോദ്ദേശ്യ പോർ വിമാനമായ റഫേൽ അഞ്ചെണ്ണം എത്തിയത് വ്യോമസേനയുടെ കരുത്തുകൂട്ടിയിട്ടുണ്ട്. 21 മിഗ് 29 വിമാനങ്ങളും 12 സുഖോയ് 30 വിമാനങ്ങളും 22 തേജസ് വിമാനങ്ങളും 31 റഫേൽ പോർവിമാനങ്ങളുമാണ് ഇന്ത്യ ഓർഡർ ചെയ്തിരിക്കുന്നത്. താമസിയാതെ ഈ വിമാനങ്ങൾ കൂടി വ്യോമസേനയുടെ ഭാഗമാകും. അപ്പാഷെ നയിക്കുന്ന ഹെലികോപ്ടർ ആക്രമണത്തിന് എം.ഐ 24 ഉം എൽ.സി.എച്ചും രുദ്രയും പിന്തുണ നൽകും. ചിനൂക്കും സൂപ്പർ ഹെർകുലീസും സി 17 ഗ്ലോബ് മാസ്റ്ററും തത്രപരമായ ട്രാൻസ്പോർട്ട് വിമാനങ്ങളായി കരുത്തേകുന്നു. അഞ്ചാം തലമുറ പോർ വിമാനങ്ങൾ തദ്ദേശീയമായി വികസിപ്പിക്കാനുള്ള പദ്ധതി നിലവിൽ ഗതിവേഗം കൈവരിച്ചിട്ടുണ്ട്. സമീപ ഭാവിയിൽ തന്നെ പദ്ധതി വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷ.
ഏതൊരു വ്യോമയുദ്ധത്തിലും യുദ്ധവിമാനങ്ങളേക്കാളുപരി വൈദഗ്ദ്ധ്യമുള്ള പൈലറ്റുകളാണ് യുദ്ധ ഗതി നിയന്ത്രിക്കുന്നത്. അക്കാര്യത്തിൽ ഇന്ത്യൻ വ്യോമസേന സമ്പന്നമാണ്. ദേശസ്നേഹത്താൽ പ്രചോദിതരായ ധീര വൈമാനികർ നയിക്കുമ്പോൾ ആർക്കും പിന്നിലല്ല രാജ്യവും വ്യോമസേനയും. പ്രതിസന്ധികളിൽ പോലും തളരാത്ത ആ പോരാളികൾ ഇതുവരെയുള്ള എല്ലാ യുദ്ധങ്ങളിലും രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ഇനിയും അതുണ്ടാകുമെന്നതിൽ ഒരു സംശയവുമില്ല..
ഇന്ത്യൻ എയർഫോഴ്സ് – ടച്ച് ദ സ്കൈ വിത്ത് ഗ്ലോറി
Discussion about this post