നിലവിലെ ക്രൂയിസ് മിസൈലുകളിൽ ശക്തമായ ഒന്നാണ് ഇൻഡോ റഷ്യൻ ബ്രഹ്മോസ് ക്രൂയിസ് മിസൈൽ . റഷ്യയുടെ P 800 മിസൈലിന്റെ പരിഷ്കരിച്ച ഒരു പതിപ്പാണ് ബ്രഹ്മോസ്. അടിസ്ഥാനപരമായി ഒരു സെക്കണ്ടറി ഗ്രൗണ്ട് അറ്റാക്ക് കേപ്പബിലിറ്റി ഉള്ള ആന്റി ഷിപ്പ് മിസൈൽ ആണ് P 800 . ബ്രഹ്മോസും അങ്ങിനെ തന്നെ .റഷ്യയുടെ P സീരീസിലുള്ള എല്ലാ ആന്റി ഷിപ്പ് മിസൈലുകൾക്കും ഈ പ്രത്യേകതകൾ ഉണ്ട് . P-15 ടെർമിറ്റ് ആന്റി ഷിപ് മിസൈലിനെ ഇന്ത്യ തന്നെ ഇൻഡോ പാക് യുദ്ധത്തിൽ ഗ്രൗണ്ട് ടാർഗെറ്റുകളെ ആക്രമിക്കാൻ ഉപയോഗിച്ചിട്ടുണ്ട് .
റഷ്യയുടെ P സീരീസിലെ മിസൈലുകളുടെ പ്രൊപ്പൽഷൻ ഓരോന്നിലും വ്യത്യത പുലർത്തുന്നതാണ് . P 800 മാക് 3 വേഗതകൾക്ക് വേണ്ടി നിർമിച്ചതാണ് . അതിനാൽ തന്നെ റാം ജെറ്റ് ആണ് P 800 ഇന്റെ മെയിൻ എഞ്ചിൻ . ബ്രഹ്മോസിന്റെ മെയിൻ എഞ്ചിനും അതുതന്നെ . റാം ജെറ്റിന് മാക് 2-5 വരെ വേഗതകളിൽ പ്രവർത്തിക്കാൻ ആവും . പക്ഷെ ഒരു റാം ജെറ്റിനെ സ്റ്റേറ്റ് ഓഫ് റസ്റ്റ് ഇൽ നിന്നും സ്റ്റാർട് ചെയ്യാനാവില്ല . റാം ജെറ്റിൽ ടർബയിനോ കമ്പ്രെസറോ ഒന്നും ഇല്ല അതിവേഗതയിൽ എഞ്ചിനുള്ളിലേക്ക് ഇരച്ചു കയറുന്ന വായു തന്നെ യാണ് ഇൻ ടേക്കിന്റെ ആകൃതി കാരണം സ്വയം കമ്പ്രെസ്സ് ചെയ്യപ്പെടുന്നത് .
അത് നടക്കണമെങ്കിൽ റാം ജെറ്റിനെ മാക് 0..5 വേഗതയിൽ എങ്കിലുമെത്തിക്കണം . എന്നാലേ റാം ജെറ്റിന് സ്വയം ഇന്ധനം കത്തിച്ചു ത്രസ്റ്റ് ഉൽപ്പാദിപ്പാൻ ആവൂ . എന്നാലും മാക് 1.5 വരെയൊക്കെ റാം ജെറ്റ് അധികം എഫിഷ്യന്റ് ഒന്നുമല്ല . മാക് 2 കടന്ന വേഗതകളിൽ മാത്രമാണ് റാം ജെറ്റിന് മറ്റു തരത്തിലുള്ള ജെറ്റ് എഞ്ചിനുകളെ അധികരിക്കുന്ന എഫിഷ്യൻസി വരുന്നത് .
ഒരു ഗ്രൗണ്ട് / ഷിപ്പ് ലോഞ്ച്ഡ് P800 / ബ്രഹ്മോസിനു തുടക്കത്തിലേ മെയിൻ റാം എഞ്ചിൻ പ്രവർത്തിച്ചു പറക്കാനാവില്ല . ഈ പരിമിതി മറികടക്കാൻ ഗ്രൗണ്ട് / ഷിപ്പ് ലോഞ്ച്ഡ് P800 / ബ്രഹ്മോ സ് മിസൈലുകളെ ഒരു ചെറിയ സോളിഡ് റോക്കറ്റ് ബൂസ്റ്റർ ഉപയോഗിച്ചാണ് ലോഞ്ച് ചെയുന്നത് . മിസൈലിന്റെ വേഗത മാക് 0.5+ ആകുമ്പോൾ സോളിഡ് റോക്കറ്റ് എരിഞ്ഞു തീർന്ന് മിസൈലിൽ നിന്നും വേർപെടും പിന്നെ റാം ജെറ്റ് പ്രവർത്തിച്ചു മിസൈലിനെ മാക്ക് 3 വേഗതയിലേക്ക് ആക്സിലറേറ്റ് ചെയ്യും . ഇന്ധന ഉപയോഗത്തിന്റെ സിംഹഭാഗവും ഈ ഘട്ടത്തിലാണ് നടക്കുന്നത് . ക്രൂയിസിങ് സ്റ്റേജിൽ അപ്പർ അറ്റ്മോസ് സ്ഫിയറിലൂടെ സഞ്ചരിക്കുന്ന ഒരു P800 / ബ്രഹ്മോ സ് മിസൈലിന്റെ ഇന്ധന ഉപയോഗം . ആക്സിലറേഷൻ /ക്ലൈംബ് ഫേസിലുള്ള ഇന്ധന ഉപയോഗനിരക്കിന്റെ പത്തിലൊന്നുപോലും വരില്ല .
ഒരു എയർ ലോഞ്ച്ഡ് ബ്രഹ്മോസ് മിസൈലിന് പല സങ്കീർണതകളും ഒഴിവാക്കാം . മിസൈലിനെ വഹിക്കുന്നത് ഒരു യുദ്ധവിമാനമാണ് ആ യുദ്ധ വിമാനത്തിന് തീർച്ചയായും മാക് 0.5 നേക്കാൾ എയർ സ്പീഡ് ആർജിക്കാൻ ആവും അങ്ങിനെയാണെങ്കിൽ എയർ ലോഞ്ച്ഡ് ബ്രഹ്മോസിനു ഭാരമേറിയ ആദ്യ ഘട്ട സോളിഡ് ബൂസ്റ്റർ റോക്കറ്റ് വേണമെങ്കിൽ ഒഴിവാക്കാം . ഇതിലൂടെ തന്നെ മിസൈലിന്റെ വലിപ്പവും ഭാരവും 20 -25 % വരെ കുറഞ്ഞു കിട്ടും .
മിസൈലിലെ റാം ജെറ്റ് ഏറ്റവും കൂടുതൽ ഇന്ധനം ചെലവാക്കുന്നത് അതിന്റെ ആക്സിലറേഷൻ /ക്ലൈംബ് സ്റ്റേജിലാണ് .ബ്രഹ്മോസ് വഹിക്കുന്ന യുദ്ധവിമാനത്തിനു 11 -15 കിലോമീറ്റര് ഉയരെ പറക്കാൻ ആയാൽ ആ ഉയരത്തിൽ എത്താനുള്ള ഇന്ധനച്ചെലവ് മിസൈലിന് ഒഴിവാക്കാം . ബ്രഹ്മോസിന്റെ ക്രൂയിസിങ് സ്പീഡ് മാക്ക് 3-3.2 ആണ് . ഈ വേഗതയിലേക്ക് ആക്സിലറേറ്റ് ചെയ്ത് എത്താനും ധാരാളം ഇന്ധനം ചെലവാക്കേണ്ടി വരും . മിസൈൽ കാരിയർ വിമാനത്തിന് മിസൈലിന്റെ ക്രൂയിസിങ് വേഗതക്ക് എത്ര അടുത്തെത്താനാവുമോ അത്രക്ക് ഇന്ധന ലാഭം ഉണ്ടാവും . ഇതിലൊക്കെ ലാഭിക്കുന്ന ഓരോ തുള്ളി ഇന്ധനവും മിസൈലിന്റെ ദൂരപരിധി വർധിപ്പിക്കാൻ ഉപയോഗിക്കാം .
ഫുൾ കോംബാറ്റ് ലോഡ് വഹിച്ചു കൊണ്ട് മാക്ക് 2 വേഗതയിൽ പറക്കാൻ കഴിയുന്ന ഒരു യുദ്ധവിമാനമാണ് Su -30MKI . ബ്രഹ്മോസിന്റെ ക്രൂയിസിങ് ആൾട്ടിട്യൂഡ് ആയ 11 -15 കിലോമീറ്ററിനും വളരെ ഉയരെ പറക്കാനും Su -30MKI ക്ക് കഴിയും . അതാണ് Su -30MKI – ബ്രഹ്മോ സ് കൂട്ടുകെട്ടിനെ അതിമാരകമാക്കുന്നത് . ഗ്രൗണ്ട് ലോഞ്ച്ഡ് ബ്രഹ്മോസിന്റെ പകുതി ഭാരമുള്ള ഒരു എയർ ലോഞ്ച്ഡ് ബ്രഹ്മോസ് Su -30MKI യുടെ പരിധികൾക്കുള്ളിൽ നിന്നും ലോഞ്ച് ചെയ്യപ്പെട്ടാൽ അതിനു ഗ്രൗണ്ട് ലോഞ്ച്ഡ് ബ്രഹ്മോസിന്റെ അതെ വാർഹെഡ് വെയ്റ്റ് ആയ 300 കിലോഗ്രാം ഗ്രൗണ്ട് ലോഞ്ച്ഡ് ബ്രഹ്മോസിന്റെ ദൂരപരിധി ആയ 300 കിലോമീറ്ററിനും അധിക ദൂരത്തിൽ എത്തിക്കാൻ ആവും . ചൈനീസ് യുദ്ധ കപ്പലുകളെ അവയുടെ സെൻസറുകളുടെ പരിധിക്കും വളരെ അകലെനിന്നും ടാർജറ്റ് ചെയ്യാൻ ബ്രഹ്മോസ് – Su -30MKI കോമ്പിനേഷന് കഴിയും . അവർ നമ്മെ കാണുന്നതിന് മുൻപ് അവർ തീർന്നിരിക്കും . അത് അവർക്ക് മനസ്സിലായാൽ അവർ ഇങ്ങോട്ട് കൂടുതൽ അഭ്യാസങ്ങൾ കാട്ടില്ല .
Su -30MKI യെക്കാൾ വളരെ കുറഞ്ഞ കോംബാറ്റ് റേഡിയസും കുറഞ്ഞ വേഗതയും ഉള്ള ഒരു യുദ്ധവിമാനത്തിൽ എയർ ലോഞ്ച്ഡ് ബ്രഹ്മോസ് കയറ്റി വിട്ടാൽ അതിനു ഈ പറയുന്ന ഒരു ഗുണവും ഉണ്ടാവില്ല . ക്രൂയിസിങ് വേഗതയായ മാക് മൂന്നിൽ എത്താൻ തന്നെ മിസൈലിലെ ഇന്ധനം ഒരു പാട് ചെലവാക്കേണ്ടി വരും . അത് മിസൈലിന്റെ പരമാവധി ദൂരപരിധി വളരെയധികം കുറയ്ക്കും . റിസർവ്വ് ഇന്ധനം മിസൈലിൽ ഉണ്ടെങ്കിൽ ഒരു പക്ഷെ മിസൈലിന് ടെർമിനൽ സ്റ്റേജിൽ മിസൈൽ വേധ മിസൈലുകളിൽ നിന്നും രക്ഷപ്പെടാനുള്ള മാനുവറിംഗിനും ( വെട്ടിച്ചു പറക്കാനുള്ള കഴിവ് ) ഉപകാരപ്പെടും .
നമ്മുടെ പ്രതിരോധ വിദഗ്ധർ ഇതൊക്കെ കണക്കിലെടുത്തു തന്നെയാണ് ബ്രഹ്മോസ് – Su -30MKI സഖ്യത്തെ അടുത്ത രണ്ടു ദശകങ്ങളിൽ നാവിക പ്രതിരോധത്തിന്റെ കുന്തമുനയായി തെരെഞ്ഞെടുത്തിട്ടുള്ളത് . ഇന്ത്യൻ സമുദ്രത്തിൽ ഹിമാലയത്തിൽ സംഭവിച്ച പാളിച്ചകൾ തീർച്ചയായും ഒഴിവാക്കാൻ ബ്രഹ്മോസ് – Su -30MKI സഖ്യത്തിന് കഴിയും .
Discussion about this post