“മകൾക്ക് മാത്രമേയുള്ളോ ഗിഫ്റ്റ്? ഭാര്യക്കില്ലേ!നാളത്തെ ദിവസം അറിയാമല്ലോ?”
മകൾ പ്രിയാഷക്ക് മേജർ സതീഷ് ദാഹിയ അയച്ച സമ്മാനം തുറന്ന് നോക്കിയിട്ട് സുജാത ഭർത്താവിന് വാട്ട്സപ്പ് സന്ദേശം അയച്ചു.
പിറ്റേന്ന് വാലൻ്റൈൻസ് ദിനത്തിൽ രാവിലെ മേജർടെ ഫോൺ വന്നു.
” ഇന്ന് വീടിന് പുറത്ത് പോകരുത് .ഒരു ഗിഫ്റ്റ് വരും ”
മകളെ നേഴ്സറിയിലയച്ച് അതിവേഗം വീട്ടിലെത്തിയ സുജാതക്ക് വീണ്ടും ഫോൺ വന്നു. ഉച്ചയോട് കൂടി ഗിഫ്റ്റ് എത്തും വീട്ടിലുണ്ടാവണം എന്ന് ഓർമിപ്പിച്ചു.
ഉച്ചക്ക് മകളെ കൂട്ടി വരുമ്പോൾ വീണ്ടും മേജർ വിളിച്ചു. പുറത്താണെന്നറിയിച്ചപ്പോൾ അല്പം ദേഷ്യപ്പെട്ട് ഗിഫ്റ്റ് ആരു വാങ്ങുമെന്ന് ചോദിച്ചു.മകളെ സ്കൂളിൽ നിന്ന് കുട്ടിക്കൊണ്ടുവരാൻ വേറെയാരുണ്ട് എന്ന സുജാത ചോദിച്ചപ്പോൾ അല്പം തണുത്തു. പെട്ടെന്ന് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു.ഫോൺ കട്ട് ചെയ്ത ഉടൻ മേജറിൻ്റെ ഫോണിലേക്ക് മറ്റൊരു കോൾ വന്നു!
അല്പനേരം ശ്രദ്ധയോടെ കേട്ട ശേഷം മേജർ ചോദിച്ചു,
എത്ര പേരുണ്ട്?
“നാല് പേർ ”
എവിടെയാണ്?
” ഹജിൻക്രാലിൽ 2 വീടുകളിൽ. ഒന്ന് ഗ്രാമത്തിനുള്ളിലാണ്. ഒന്ന് വനത്തിനോട് ചേർന്ന് ”
ഫോൺ കട്ട് ചെയ്യുന്നതിന് മുൻപ് അല്പം പേടിയോടെ അയാൾ പറഞ്ഞു
“സാർ, ഞാൻ താങ്കൾക്ക് വേണ്ടി മാത്രമാണ് ഇത് ചെയ്യുന്നത് ”
സാരമില്ല, ഞങ്ങൾ ഉടൻ എത്താം. മേജർ ആശ്വസിപ്പിച്ചു
സൈന്യത്തിന് വിവരം നൽകിയെന്നറിഞ്ഞാൽ കുടുംബത്തിനെയടക്കം തീവ്രവാദികൾ അവസാനിപ്പിക്കും. എങ്കിലും പല ഇൻഫോമേഴ്സിനും മേജർ സതീഷ് ദാഹിയയുമായുള്ള അടുപ്പംകൊണ്ട് അദ്ദേഹത്തിന് പലരും വിവരങ്ങൾ നൽകും.
ഹന്ദ്വാരക്ക് അടുത്തുള്ള ഹജിൻക്രാൽ ഗ്രാമത്തിലെ 2 വീടുകളിൽ തീവ്രവാദികളുണ്ട് എന്നതായിരുന്നു സന്ദേശം.
30ആം രാഷ്ട്രീയ റൈഫിൾസിലെ കമാൻഡിങ്ങ് ഓഫീസർ കേണൽ രാജീവ് സഹാറനെ മേജർ സതീഷ് ബന്ധപ്പെട്ടു. വിശ്വസനീയമായ സോഴ്സിൽ നിന്നാണ് വിവരമെന്ന് മേജർ ഉറപ്പിച്ചു പറഞ്ഞു. മുന്നോട്ട് നീങ്ങാൻ CO അനുവാദം നൽകി.കേണൽ രാജീവ് ഹന്ദ്വാര SSP ഗുലാം ഗിലാനിയെ ബന്ധപ്പെട്ടു. തനിക്കും സൂചന കിട്ടിയെന്ന് SSP പറഞ്ഞു. തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ സൈന്യത്തിന് അകമഴിഞ്ഞ് പിന്തുണ നൽകുന്ന കശ്മീർ പോലീസിലെ ഉദ്യോഗസ്ഥനായിരുന്നു ഗിലാനി.തൻ്റെ കുട്ടികൾ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ടെന്ന് കേണൽ അദ്ദേഹത്തോട് പറഞ്ഞു. ഫോഴ്സിനെ ഉടൻ അയക്കാമെന്ന് SSP ഉറപ്പ് നൽകി.
പുറപ്പെടുന്നതിന് മുമ്പ് മേജർ സതീഷ് ഭാര്യ സുജാതയെ ഫോൺ ചെയ്തു. സമയം 5 മണി കഴിഞ്ഞിരുന്നു. ഗിഫ്റ്റിനെക്കുറിച്ച് ഒന്നും ചോദിക്കാതെ താൻ ഒരു ഓപ്പറേഷന് പോവുകയാണെന്നും ഇനി ഫോണിൽ കിട്ടില്ലെന്നും പറഞ്ഞ് കട്ട് ചെയ്തു. 3 വർഷത്തെ കശ്മീർ ഡ്യൂട്ടിക്കിടയിൽ സുജാതക്ക് ഇത് പതിവായിരുന്നു. എങ്കിലും ഫോൺ വെച്ച ശേഷം ഗിഫ്റ്റ് ഇത് വരെ വന്നില്ല, ഇനി എനിക്ക് തന്നെയാണോ അയച്ചത് എന്ന് സുജാത പിറുപിറുത്തു.
ഹജിൻക്രാൽ എത്തുന്നതിന് മുൻപ് ജിപ്സി സൈഡിൽ ഒതുക്കിയ ശേഷം മേജർ സതീഷും ടീമും വണ്ടിയിൽ നിന്നിറങ്ങി. കൂട്ടത്തിലൊരാൾ കയ്യിലുണ്ടായിരുന്ന ഡ്രോൺ ആകാശത്തേക്ക് പറത്തി. ഓപ്പറേഷൻ നടത്തേണ്ട ഗ്രാമത്തിൻ്റെ ദൃശ്യങ്ങൾ കിട്ടാൻ വേണ്ടിയാണ് ഡ്രോൺ പറത്തുന്നത്.ഗ്രാമത്തിലേക്ക് കയറിയ ടീം രണ്ടായി പിരിഞ്ഞു. തീവ്രവാദി സാന്നിധ്യമുള്ള രണ്ട് വീടുകളിലേക്ക് നീങ്ങി.ഗ്രാമം മുഴുവനും കശ്മീർ പോലീസ് വളഞ്ഞിരുന്നു. ഗ്രാമത്തിൻ്റെ ഉള്ളിലുള്ള വീട്ടിലേക്കാണ് മേജർ സതീഷിൻ്റെ ടീം നീങ്ങിയത്.വീട്ടിലെത്തുന്നതിൻ്റെ മുൻപ് ഇൻഫോർമർ അടുത്തുവന്നു പറഞ്ഞു.
“ഇവിടെയുണ്ടായിരുന്ന 2 പേർ ഗ്രാമത്തിൻ്റെ അതിർത്തിയിലുള്ള വീട്ടിലേക്ക് ഓടിയിട്ടുണ്ട് ”
ഡ്രോൺ ദൃശ്യങ്ങൾ പരിശോധിക്കാൻ മേജർ സതീഷ് CO രാജീവിനോട് ആവശ്യപ്പെട്ടു. 2 പേർ അതിർത്തിയിലെ വീട്ടിലേക്ക് ഓടിയെന്ന് CO ഉറപ്പിച്ചു. സതീഷിനോട് അവിടെയുള്ള ടീമുമായി ജോയിൻ ചെയ്യാൻ CO നിർദ്ദേശിച്ചു. മേജർ സതീഷിൻ്റെ മൊബൈലിലേക്ക് സുജാതയുടെ കോൾ വരുന്നുണ്ടായിരുന്നു.സൈലൻറ് ആയത് കൊണ്ട് അറിയുന്നുണ്ടായിരുന്നില്ല.മേജർ സതീഷിന് ലഭിച്ച വിവരങ്ങൾ എല്ലാം കൃത്യമായിരുന്നു. എന്നാൽ നാല് പേരിൽ ഒരാൾ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. ഓപ്പറേഷനെ കുറിച്ച് തീവ്രവാദികൾ അറിഞ്ഞുവെന്ന് മേജ.സതീഷിന് മനസ്സിലായി.
AK 47 റൈഫിളിൽ നിന്നുള്ള വെടിവെപ്പിലൂടെയാണ് തീവ്രവാദികൾ മേജ. സതീഷിനെയും ടീമിനെയും വരവേറ്റത്.പെട്ടെന്ന് തയ്യാറായ ടീം വീട് വളഞ്ഞു. മേജ. സതീഷും ബഡ്ഡിയും ഗെയിറ്റിനു ചേർന്ന് നിന്നു .കുറച്ചു നിമിഷങ്ങൾ വീടിനുള്ളിൽ നിന്നുള്ള വെടിയൊച്ച നിലച്ചു.ആ സമയത്ത് ഗെയിറ്റിനുള്ളിലൂടെ കോംപൗണ്ടിലേക്ക് കയറിയ മേജറും ബഡ്ഡിയും ഒരു ചെറിയ മൺകൂനക്ക് മറഞ്ഞിരുന്നു.പൊടുന്നനെ മുൻവാതിലിലൂടെ പുറത്തേക്ക് ഇരച്ചിറങ്ങിയ 3 തീവ്രവാദികളും തലങ്ങും വിലങ്ങും വെടിയുതിർത്തു. മേജർ സതീഷ് പെട്ടെന്ന് തന്നെ തിരിച്ചടിച്ചു. തലക്ക് തന്നെ വെടികൊണ്ട ഒരു തീവ്രവാദി വീണു.ബാക്കി 2 പേർ ഒരു മരക്കൂട്ടത്തിനിടയിലേക്ക് ഒളിച്ചു.എല്ലാ ടീമംഗങ്ങൾക്കും മേജർ പെട്ടെന്ന് തന്നെ നിർദ്ദേശം നൽകി.തീവ്രവാദികളുടെ സ്ഥാനം മനസ്സിലാക്കി എല്ലാവരും തയ്യാറായി നിന്നു.
അപ്പോഴാണ് മേജർ സതീഷിൻ്റെ യൂണിഫോമിലെ നനവ് അദ്ദേഹത്തിൻ്റെ ബഡ്ഡിയുടെ ശ്രദ്ധയിൽ പെട്ടത്.
“സാബ് വെടിയേറ്റോ?” ബഡ്ഡി ചോദിച്ചു.
അദ്യത്തെ വെടിവെപ്പിൽ തന്നെ ബുള്ളറ്റ് പ്രൂഫിൻ്റെ 2 പ്ലേറ്റിൻ്റെ ഇടയിലുള്ള ചെറിയ ഗ്യാപ്പിലൂടെ തുളച്ചു കയറിയ വെടിയുണ്ട മേജർ സതീഷിൻ്റെ ഒരു പ്രധാന രക്തക്കുഴൽ മുറിച്ച് കടന്നു പോയി.
പിൻമാറാൻ അപേക്ഷിച്ച ബഡ്ഡിയോട് വേണ്ടെന്നും ചെറിയ പരിക്കാണെന്നും മേജർ പറഞ്ഞു.ടീമിലെ മറ്റംഗങ്ങൾ തീവ്രവാദികൾ മറഞ്ഞിരിക്കുന്ന മരങ്ങളിലേക്ക് വെടിവെക്കുന്നുണ്ടായിരുന്നു.പെട്ടന്ന് അവരുടെ നേർക്ക് തീവ്രവാദികൾ ഗ്രനേഡെറിഞ്ഞു.3 പേർക്ക് പരിക്കേറ്റു. വലിയ ആയുധശേഖരം തീവ്രവാദികളുടെ കയിലുണ്ടെന്നും ഇനിയും സമയം നൽകിയാൽ കൂടുതൽ അപകടം ഉണ്ടാകുമെന്നും മേജറിന് മനസ്സിലായി.ഗ്രനേഡ് കൊണ്ട 3 സൈനികരുടെ പരിക്ക് ഗുരുതരമായിരുന്നു. അവരെ സുരക്ഷിതമായി മാറ്റാൻ മേജർ നിർദ്ദേശം നൽകി. രക്തം ധാരാളം ഒഴുകി മേജർ സതീഷ് അവശനായിരുന്നു. കമാൻഡിങ്ങ് ഓഫീസറെ ഒരിക്കൽ കൂടി വിളിച്ച മേജർ കൂടുതൽ അടുത്തേക്ക് ചെന്ന് അക്രമിക്കാൻ പോവുകയാണെന്ന് പറഞ്ഞു. കേണൽ രാജീവും 30 RRലെ കൂടുതൽ സൈനികരും അപ്പോഴേക്കും അവിടെയെത്തി.
ഗ്രനേഡക്രമണത്തിൽ പരിക്കേറ്റ പാരാട്രൂപ്പർ ധർമ്മേന്ദ്രകുമാർ ,റൈഫിൾമൻ രവികുമാർ , ഗണ്ണർ അശുതോഷ് എന്നിവർ അപ്പോൾ മരിച്ചിരുന്നു! മേജർ സതീഷിനെ അതറിയിച്ചിരുന്നില്ല.സതീഷിൻ്റെ ബഡ്ഡിയെ പിൻവലിച്ച് കേണൽ രാജീവ് കാര്യമന്വേഷിച്ചു .വെടിയേറ്റുവെന്നും പക്ഷെ അവസാനിപ്പിക്കാതെ പിൻമാറില്ലെന്നുമാണ് മേജർ പറയുന്നതെന്ന് ബഡ്ഡി അറിയിച്ചു.
മറഞ്ഞിരുന്ന സ്ഥലത്തു നിന്നും ഇഴഞ്ഞു നീങ്ങിയ മേജറുടെ ഷോട്ട് ഒരു തീവ്രവാദിയുടെ കൂടി തല തുളച്ചു. അവശേഷിക്കുന്ന ഒരാളെ മറ്റ് സൈനികൾ തീർത്തു. മേജർ സതീഷിനെ താങ്ങിയെടുത്ത് വാഹനത്തിൽ കയറ്റി ഹെലിപാഡിലെത്തിച്ചു. ടീമിലെ 3 പേർ മരിച്ച വിവരം അപ്പോഴും മേജറിനോട് പറഞ്ഞിരുന്നില്ല. ഹെലികോപ്റ്ററിൽ ശ്രീനഗറിലെ ആശുപത്രിയിലേക്ക് പോകുമ്പോഴും മേജറിൻ്റെ ഫോണിൽ സുജാതയുടെ കോൾ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഹെലികോപ്റ്ററിൽ വെച്ച് മേജർ സതീഷ് ദാഹിയ ജീവൻ വെടിഞ്ഞു.
രാത്രി 8.15ന് സുജാതയുടെ ഫോണിലേക്ക് ഒരു ലേഡി ഓഫീസർ വിളിച്ചു. പിന്നാലെ പലരും വിളിച്ചെങ്കിലും ആരും കാര്യം പറഞ്ഞില്ല. എന്തോ പ്രശ്നമുണ്ടെന്ന് സുജാതക്ക് മനസ്സിലായി. സതീഷിൻ്റെ കോഴ്സ് മേറ്റായ ഉദ്യോഗസ്ഥനോട് സുജാത വിളിച്ചന്വേഷിച്ചു. എൻകൗണ്ടറിൽ പരിക്കുപറ്റിയെന്നും നിരീക്ഷണത്തിലാണെന്നും മാത്രം പറഞ്ഞു.ഉടനെ പൂജാമുറിയിൽ പോയി വിളക്ക് കത്തിച്ചു. കുറച്ചു നേരം പ്രാർത്ഥിച്ചു.
പെട്ടെന്ന് ആ ദിവസം ആദ്യമായി കോളിംഗ് ബെൽ മുഴങ്ങി. വാതിൽ തുറന്ന സുജാതക്ക് ഒരു ബൊക്കെയും ഒരു വലിയ പാക്കറ്റും കൊറിയർ ബോയി നൽകി.പാക്കറ്റിനുള്ളിൽ ഹൃദയാകൃതിയിലുള്ള ഒരു കേക്കും മെഴുക് തിരികളുമായിരുന്നു. ഉടൻ തന്നെ ഫോണെടുത്ത് സതീഷിനെ വീണ്ടും വിളിച്ചു. പക്ഷെ അറ്റൻഡ് ചെയ്തില്ല.പരിചയമുള്ള ഓരോ സൈനികരെയും സുജാത വിളിക്കാൻ തുടങ്ങി. ശ്രീനഗറിലെ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നുവെന്ന് ചിലർ പറഞ്ഞു. യഥാർത്ഥത്തിൽ മേജർ സതീഷ് മരിച്ച വാർത്ത എല്ലാ ചാനലുകളിലും കാണിക്കുന്നുണ്ടായിരുന്നു. 10.30 യോടെ സുജാതയുടെ അച്ഛൻ വീട്ടിലെത്തി.സതീഷ് മരിച്ച വിവരം അദ്ദേഹം അറിഞ്ഞിരുന്നു.ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും എന്തോ പ്രശ്നമുണ്ടെന്നും ആരും തുറന്ന് പറയുന്നില്ലെന്നും സുജാത അച്ഛനോട് പറഞ്ഞു. ടി.വി.ഓൺ ചെയ്യാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.അവധിയിലായിരുന്ന 30 RRലെ ഒരു മേജർ കൂടി വീട്ടിലെത്തി. ഗ്രീനഗറിലേക്ക് പോകണമെങ്കിൽ പോകാം എന്നദ്ദേഹം പറഞ്ഞു.ആരെങ്കിലും ദയവ് ചെയ്ത സത്യം പറയൂ എന്ന് സുജാത എല്ലാവരോടും അപേക്ഷിച്ചു. കുറച്ചു സൈനികർക്കും മകൾക്കും അച്ഛനുമൊപ്പം അവർ ഡൽഹിയിലേക്ക് തിരിച്ചു. പാർസൽ വന്ന ബൊക്കെ മാത്രം സുജാത കയ്യിലെടുത്തു.
പോകുന്ന വഴിയെല്ലാം സതീഷിൻ്റെ ഫോണിലേക്കും കേണൽ രാജീവിൻ്റെ ഫോണിലേക്കും സുജാത വിളിച്ചു കൊണ്ടേ ഇരുന്നു. ഇടക്ക് കേണൽ രാജീവിനെ കിട്ടി. ശ്രീനഗറിലേക്ക് വരണ്ടെന്ന് കേണൽ പറഞ്ഞു. കുറച്ചു നേരം നിശബ്ദമായ ശേഷം സതീഷ് മരിച്ച വിവരം കേണൽ പറഞ്ഞു. പിന്നെയെന്താണ് സംഭവിച്ചതെന്ന് സുജാത ഓർക്കുന്നില്ല. എന്നാൽ അവർ കരഞ്ഞില്ല. മകൾ പ്രിയാഷ മടിയിൽ കിടക്കുന്നുണ്ടായിരുന്നു. വണ്ടി പോയത് ഡൽഹിയിലേക്കായിരുന്നില്ല , ഹരിയാനയിലെ നർണൂൽ ഗ്രാമത്തിലെ മേജർ സതീഷിൻ്റെ വീട്ടിലേക്കായിരുന്നു.
ആയിരക്കണക്കിന് ജനങ്ങളും സൈനിക ഉദ്യോഗസ്ഥരും വീട്ടിലേക്കുള്ള വഴിയിൽ നിറഞ്ഞിരുന്നു. വൈകുന്നേരത്തോടെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ മേജർ സതീഷ് ദാഹിയയുടെ മൃതദേഹം വീട്ടിലെത്തി.3 വയസ്സുകാരി പ്രിയാഷ മാത്രം എന്താണ് സംഭവിച്ചതെന്നറിയാതെ ഒരാളുടെ തോളിലിരിക്കുന്നുണ്ടായിരുന്നു.
മേജർ സതീഷ് ദാഹിയക്ക് രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചു. ആക്രമണം നടത്തിയ ജയ്ഷെ മുഹമ്മദിലെ അഫ്സൽ ഗുരു ഗ്രൂപ്പിന് വേണ്ടി രണ്ടാഴ്ച്ച കൂടി ഹന്ദ്വാരയിൽ സൈന്യം തിരിച്ചിൽ നടത്തി. RRൽ നിന്ന് പിരിയുന്നതിന് മുമ്പ് ഈ ഗ്രൂപ്പിനെ തീർക്കണമെന്ന് മേജർ സതീഷിന് നിർബന്ധമുണ്ടായിരുന്നുവെന്ന് കേണൽ രാജീവ് ഓർത്തു. Col. രാജീവ് RRൽ നിന്ന് പിരിയും മുമ്പ് മേജർ സതീഷിന് പകരം വന്ന ഓഫീസറോട് ഈ കാര്യം ഓർമ്മിപ്പിച്ചു.2 വർഷങ്ങൾക്ക് ശേഷം മേജർ സതീഷ് ദാഹിയയുടെ ബലിദാന വാർഷികത്തിൻ്റെ തലേ ദിവസം ഗ്രൂപ്പ് കമാൻഡർ അബു മാസ് എന്ന ഹിലാൽ അഹമ്മദ് വാണിയെ രാഷ്ട്രീയ റൈഫിൾസ് വെടിവെച്ചു കൊന്നു.
“അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്നാണ് പ്രിയാഷ ഇപ്പോഴും വിചാരിച്ചിരിക്കുന്നത്. ഇടക്ക് അച്ഛൻ എവിടെയെന്ന് ചോദിക്കും! ജോലിത്തിരക്കാണെന്ന് ഞാൻ പറയും. ഫോണിലുള്ള പഴയ വീഡിയോകൾ കാണിക്കും. ഇടക്ക് ഓൺലൈൻ ഓർഡർ ചെയ്ത് അച്ഛനയച്ചതാണെന്ന് പറഞ്ഞ് സമ്മാനങ്ങൾ കൊടുക്കും. ഇപ്പോൾ പറഞ്ഞാലും അവൾക്ക് മനസ്സിലാകില്ല.പതിയെ അവൾ എല്ലാം മനസ്സിലാക്കികൊള്ളും” സുജാത പറയുന്നു.
February 14- മേജർ സതീഷ് ദാഹിയ വീര ബലിദാന ദിനം
Discussion about this post