നാലരപതിറ്റാണ്ടുകളായി അമേരിക്കൻ സൈന്യത്തിന്റെ വിശ്വസ്തൻ. പാനമ മുതൽ അഫ്ഗാൻ വരെ അമേരിക്ക ഇടപെട്ട എല്ലാ യുദ്ധ രംഗങ്ങളിലും കരുത്തോടെ പോരാടിയവൻ , രാവും പകലും ഒരു പോലെ ആക്രമിക്കാൻ കഴിയുന്നവൻ . എതു പരിതസ്ഥിതിയിലും ഏത് കാലാവസ്ഥയിലും പതറാത്ത പോരാട്ട വീര്യം. ഇറാഖ്-അഫ്ഗാൻ യുദ്ധങ്ങളിൽ അമേരിക്കൻ സൈന്യത്തിന്റെ പ്രധാന കുന്തമുനകളിലൊന്ന്. ബോസ്നിയയിലും കൊസൊവോയിലും കരുത്തു തെളിയിച്ചവൻ ഇന്ന് ഇന്ത്യക്കും സ്വന്തം അപ്പാഷെ ദ കില്ലർ കോപ്ടർ.
ഒരേ സമയം 16 ലക്ഷ്യങ്ങൾ, 76 റോക്കറ്റുകൾ,ലൈറ്റ് മെഷീൻ ഗണ്ണുകൾ, ലേസർ ഗൈഡഡ് മിസൈലുകൾ , ഇന്ത്യയുടെ ആകാശപ്പോരിന് മൂർച്ച കൂട്ടാൻ അമേരിക്കയിൽ നിന്ന് വാങ്ങിയ ഈ കില്ലർ കോപ്ടറിന്റെ സവിശേഷതകൾ നിരവധി.അമേരിക്കൻ സൈന്യത്തിന്റെ വിശ്വസ്തനായ പോരാളി അപ്പാഷെ ഇന്ത്യയ്ക്ക് സ്വന്തമാകുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് പാകിസ്താനും ചൈനയ്ക്കുമാണ്.
ശത്രു പീരങ്കികളെ തകർക്കാൻ കെൽപുള്ള ഹെൽഫയർ മിസൈൽ, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിൻ ഗൺ എന്നിവയാണ് അപാഷെയുടെ ആയുധക്കരുത്ത്. 50 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും ആക്രമിക്കാനും അപ്പാഷെക്ക് സാധിക്കും. വെടിയുണ്ടകൾ ചെറുക്കാൻ കെൽപുള്ള കവചമുണ്ട് . രാത്രിക്കാഴ്ച, അത്യാധുനിക സെൻസർ എന്നിവ സജ്ജമാക്കിയ അപ്പാഷെയിൽ രണ്ടു പേർക്ക് ഇരിക്കാനാകും. പൈലറ്റിനു മുന്നിലിരിക്കുന്ന സഹ പൈലറ്റിനായിരിക്കും ആക്രമണത്തിൻെറ ചുമതല.ടാർഗറ്റ് അക്വിസിഷൻ ഡെസിഗ്നേഷൻ സിസ്റ്റം ഘടിപ്പിച്ചിട്ടുള്ളത് പൈലറ്റിന്റെ ശിരസ്സിന്റെ ചലങ്ങൾക്കനുസരിച്ചായതിനാൽ പൈലറ്റ് നോക്കുന്നിടത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യും.
1990 ൽ ഇറാഖ് കുവൈറ്റ് ആക്രമിച്ചപ്പോൾ അമേരിക്ക നടത്തിയ ഓപ്പറേഷൻ ഡെസർട്ട് സ്റ്റോമിൽ നിർണായക പങ്കു വഹിച്ചിരുന്നു അപ്പാഷെ. ഇറാഖിന്റെ റഡാർ സംവിധാനത്തെ നശിപ്പിച്ച് വ്യോമസേനയ്ക്ക് വഴിയൊരുക്കിയതും അപ്പാഷെ തന്നെ.ആയുധമില്ലാത്തപ്പോൾ 4,657 കിലോഗ്രാമാണ് അപ്പാഷെയുടെ ഭാരം. പരമാവധി ആയുധം കയറ്റിയാൽ 8,006 കിലോഗ്രാമും. വീണ്ടും ഇന്ധനം നിറയ്‌ക്കാതെ ഒറ്റയടിക്ക് 611 കിലോമീറ്റർ പറക്കാൻ കഴിയുന്ന അപ്പാഷെയുടെ പരമാവധി വേഗം മണിക്കൂറിൽ 279 കിലോമീറ്ററാണ്.
Discussion about this post