1975 ഓഗസ്റ്റ് 15 ലെ ഒരു പുലർകാലത്തായിരുന്നു ഷെയ്ഖ് മുജീബുർ റഹ്മാൻ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. മുജീബിന്റ് 11 വയസ്സുള്ള മകൻ ഷെയ്ഖ് റസലിനെയും ഒരു ദയയുമില്ലാതെ എതിരാളികളായ സൈനിക ഉദ്യോഗസ്ഥർ വകവരുത്തുകയായിരുന്നു. അന്ന് വിദേശത്തായിരുന്നതു കൊണ്ട് മാത്രമാണ് മറ്റൊരു മകളും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയും മറ്റൊരു സഹോദരി ഷെയ്ഖ് റഹാനയും മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
മുജീബുർ റഹ്മാന്റെ കൊലയാളികളെ വിചാരണ ചെയ്യുന്നതിന് തടസ്സമായി പ്രത്യേക നിയമം നടപ്പിലാക്കിയിരുന്നു. 1996 ൽ ഷെയ്ഖ് ഹസീന അധികാരത്തിൽ എത്തിയതിനു ശേഷമാണ് ആ നിയമം എടുത്തുകളഞ്ഞതും മുജീബുർ റഹ്മാന്റെ കൊലയാളികൾക്കെതിരെ വിചാരണ ആരംഭിച്ചതും. കേസിലെ ഒരേ ഒരു സാക്ഷിയും മുജീബുർ റഹ്മാന്റെ പേഴ്സണൽ അസിസ്റ്റന്റുമായിരുന്ന മൊഹിതുൾ ഇസ്ലാമിന്റെ പരാതിയിലാണ് അന്ന് കേസെടുത്തത്.
മുജീബിന്റെ മരണശേഷം ധാക്ക ലാൽബാഗ് പൊലീസ് സ്റ്റേഷനിൽ കേസ് നൽകാനെത്തിയ മൊഹിതുളിനെ ചെകിടത്ത് അടിച്ചായിരുന്നു പൊലീസുകാർ സ്വീകരിച്ചത്.പിന്നീട്മ് 21 വർഷങ്ങൾക്കു ശേഷം 1996 ലാണ് മൊഹിതുളിന് പരാതി നൽകാൻ കഴിഞ്ഞത്. എന്നാൽ 2001 ൽ ബീഗം ഖാലിദ സിയ അധികാരത്തിലേറിയപ്പോൾ മൊഹിതുൾ വീണ്ടും പ്രതിസന്ധിയിലായി. പലപ്പോഴും വീട്ടിലേക്ക് ആളുകൾ അന്വേഷിച്ചെത്തി. ഒടുവിൽ ഒളിച്ചു കഴിയേണ്ടി വന്നു . അതിനുശേഷം ഷെയ്ഖ് ഹസീന തുടർച്ചയായി അധികാരം കയ്യാളിയതോടെയാണ് മുജീബുർ റഹ്മാന്റെ കൊലയാളികളെ വിചാരണ ചെയ്യാൻ സാധിച്ചത്.
2010 ൽ അഞ്ച് കുറ്റവാളികളെ തൂക്കിക്കൊന്നു. ഒളിവിലായിരുന്നവരിൽ ഒരാളായ ക്യാപ്ടൻ അബ്ദുൾ മജീദിനെ ഫെബ്രുവരിയിൽ ഇന്ത്യ പിടികൂടി ബംഗ്ലാദേശിനെ ഏൽപ്പിച്ചത്. മുജിബുർ റഹ്മാന്റെ കൊലപാതകത്തിൽ നിർണായക പങ്കു വഹിച്ച ക്യാപ്ടൻ അബ്ദുൾ മജിദ് കഴിഞ്ഞ 22 വർഷമായി ബംഗാളിലാണ് ഒളിവിൽ കഴിഞ്ഞത്. ഇയാൾ ഒരു അദ്ധ്യാപകനെന്ന വ്യാജേന വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. അബ്ദുൾ മജീദിനെ ഏപ്രിൽ 12 ന് തന്നെ തൂക്കിലേറ്റുകയും ചെയ്തു.
മജീദിന്റെ കൂട്ടാളിയും മുജീബുർ റഹ്മാൻ വധക്കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നയാളുമായ റിസൽദാർ മൊസ്ലുദ്ദീനെയും ഇന്ത്യ പിടികൂടി ബംഗ്ലാദേശിന് കൈമാറി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇയാളും ബംഗാളിലായിരുന്നു ഒളിവിൽ കഴിഞ്ഞത്. ഹെർബൽ മെഡിക്കൽ ഷോപ്പ് നടത്തുകയായിരുന്ന ഇയാളെക്കുറിച്ച് അബ്ദുൾ മജീദാണ് അന്വേഷണത്തിനിടെ വെളിപ്പെടുത്തിയത്. ബംഗാൾ പൊലീസിലെ ഒരു കുഞ്ഞു പോലും അറിയാതെയായിരുന്നു ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ ഓപ്പറേഷൻ.
ഇന്ത്യയോടുള്ള സൗഹൃദമായിരുന്നു ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവനെടുക്കാനുള്ള ഒരു കാരണം. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് രണ്ടു വട്ടം മുജീബുർ റഹ്മാന് സൈനിക അട്ടിമറിയെപ്പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ആരൊക്കെയാണ് ആസൂത്രണം നടത്തുന്നതെന്ന കൃത്യമായ വിവരങ്ങളും റോ നൽകിയിരുന്നു. എന്നാൽ അവരൊക്കെ തന്റെ കുട്ടികളാണെന്നും അങ്ങനെയൊന്നും ചെയ്യില്ലെന്നും വ്യക്തമാക്കി മുന്നറിയിപ്പിനെ അദ്ദേഹം അവഗണിച്ചു. ദിവസങ്ങൾക്കുള്ളിൽ ലോകത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറുകയും ചെയ്തു.
മുജീബുർ റഹ്മാന്റെ മകൾ ഷെയ്ഖ് ഹസീനയും ഇന്ത്യയോട് അടുത്ത സൗഹൃദമാണ് തുടരുന്നത്. അതുകൊണ്ട് തന്നെ ബംഗ്ലാദേശിലെ തീവ്രചിന്താഗതിക്കാർക്ക് ഷെയ്ഖ് ഹസീന കണ്ണിലെ കരടാണ്. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വംശഹത്യ നടത്തിയ ജമ അത്തെ ഇസ്ലാമിയുടെ ഉന്നത നേതാക്കളെ സർക്കാർ തൂക്കിലേറ്റിയതും ഹസീനക്കെതിരേയുള്ള ഗൂഢാലോചനകൾ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെക്കാളുപരി പാകിസ്താനെ അടുത്ത ബന്ധുവായി കണക്കാക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവ് ബീഗം ഖാലിദ സിയയാകട്ടെ ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയുമാണ്. അതേസമയം ഇന്ത്യയോടുള്ള സൗഹൃദം കൂടുതൽ ഊഷ്മളമാക്കുകയാണ് ഷേയ്ഖ് ഹസീന.
ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവി തൊട്ട് തന്നെ ആ രാജ്യവുമായി ഇന്ത്യക്ക് അഭേദ്യമായ ബന്ധമാണുള്ളത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരത്തിൽ ഷെയ്ഖ് മുജീബുർ റഹ്മാന്റെ മുക്തി ബാഹിനിയുമായി ചേർന്ന് പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഇടപെടാലണല്ലോ ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായത്. ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ കൊലയാളികളെ നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം കണ്ടെത്തുന്നതിലും ഇന്ത്യ ഇപ്പോൾ പ്രധാന പങ്കു വഹിച്ചിരിക്കുകയാണ്. ഈ സൗഹൃദം ഇതേ രീതിയിൽ തന്നെ തുടരുന്നത് ഇരു രാജ്യങ്ങൾക്കും എക്കാലവും ഗുണം ചെയ്യും . പാകിസ്താന് ദോഷവും !
Discussion about this post