ലോക സമാധാനത്തിനാവട്ടെ പോരാട്ട വീര്യത്തിലാകട്ടെ ഇന്ത്യൻ സൈന്യം എക്കാലവും അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് കാഴ്ച്ചവച്ചിട്ടുള്ളത്. ഐക്യ രാഷ്ട്ര സംഘടനയുടെ സമാധാന ദൗത്യത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ ഇപ്പോഴും ഇന്ത്യൻ സൈന്യം പ്രവർത്തിക്കുന്നുണ്ട്. ആത്മാർത്ഥതയിലും സേവന തത്പരതയിലും ഇന്നും ഒരു രാജ്യങ്ങൾക്കും പിന്നിലല്ല ഇന്ത്യയുടെ സ്ഥാനം.
ഏഴു പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു പ്രവൃത്തിയുടെ പേരിൽ ഇന്ത്യയുടെ ധീര സൈനികനെ ആദരിക്കാനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ ഭരണകൂടം. 1950 കളിലെ കൊറിയൻ യുദ്ധത്തിൽ ധീരോദാത്തമായ പ്രവർത്തനം കാഴ്ച്ച വച്ച ഇന്ത്യയുടെ ആദ്യ പാരാട്രൂപ്പർ ലെഫ്റ്റനന്റ് കേണൽ എ.ജി രംഗരാജനെയാണ് ദക്ഷിണ കൊറിയ ആദരിക്കുന്നത്.
60 പാരച്യൂട്ട് റെജിമെന്റിലെ ഡോക്ടറും കമാൻഡിംഗ് ഓഫീസറുമായ രംഗരാജന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ മെഡിക്കൽ സംഘം 1951 മുതൽ 54 വരെ കൊറിയൻ യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ യു എൻ സമാധാന സേനയുടെ ഭാഗമായി പങ്കെടുത്തു. രണ്ട് ലക്ഷത്തോളം മുറിവേറ്റവരെ ചികിത്സിച്ച ഈ മെഡിക്കൽ യൂണിറ്റ് യുദ്ധെ ഭൂമിയിൽ നടത്തിയത് 2500 ഓളം ശസ്ത്രക്രിയകളാണ്. കഠിനമായ പരിതസ്ഥിതികളിലും മുറിവേറ്റവരെ ഉപേക്ഷിക്കാതെ , മെഡിക്കൽ ഉപകരണങ്ങൾ നഷ്ടപ്പെടുത്താതെ രാജ്യത്തിന്റെ അഭിമാനം കാത്തു സൂക്ഷിച്ചു രംഗരാജന്റെ നേതൃത്വത്തിലുള്ള സംഘം.
സ്തുത്യർഹമായ സേവനത്തിന് രാജ്യം മെഡലുകൾ നൽകി ഈ യൂണിറ്റിനെ ആദരിച്ചു. പോസ്റ്റേജ് സ്റ്റാമ്പും ഇറക്കി. ലെഫ്റ്റെനന്റ് കേണൽ രംഗരാജനെ മഹാവീർ ചക്ര നൽകി ആദരിക്കുകയും ചെയ്തു.
2020 ജൂലൈയിലാണ് രംഗരാജനെ ദക്ഷിണ കൊറിയ ആദരിക്കുന്നത്. കൊറിയയിലെ എല്ലാ പൊതുസ്ഥലങ്ങളിലും രംഗരാജന്റെ ചിത്രം വയ്ക്കും. ഒപ്പം യുദ്ധമെമ്മോറിയലിലും അദ്ദേഹത്തിന്റെ ചിത്രം പതിപ്പിക്കും.. ഇത് കൊറിയൻ ജനങ്ങളുടെ സ്നേഹത്തേയും ആദരവിനേയും പ്രതീകവത്കരിക്കുകയാണെന്നും കൊറിയൻ സൈനിക മേധാവികൾ വ്യക്തമാക്കി. ഇന്ത്യയുടെ ഈ സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ കൊറിയ ഇന്നു കാണുന്ന നിലയിലാകുമായിരുന്നില്ലെന്നായിരുന്നു കൊറിയൻ മുൻ പ്രസിഡന്റിന്റെ പരാമർശം.
കൊറിയൻ യുദ്ധത്തിൽ ഇന്ത്യ നേരിട്ട് പങ്കെടുത്തിരുന്നില്ല. യുഎൻ സമാധാന സേനയുടെ ഭാഗമായി മെഡിക്കൽ സംഘത്തെ മാത്രമാണ് അയച്ചത്.
Discussion about this post