ഏതൊരു ലോകരാഷ്ട്രത്തിനും തങ്ങളുടെ അതിർത്തി കാക്കുന്ന കരസേനയെ സഹായിക്കാൻ വായുസേന അത്യാവശ്യമാണ്. അത് യുദ്ധക്കളത്തിൽ എയർ സപ്പോർട്ട് നല്കുന്നതിനാവാം, ഭക്ഷണവും വെള്ളവും തുടങ്ങി വലിയ യന്ത്രത്തോക്കുകളും കവചിതവാഹനങ്ങളും യഥാസ്ഥാനത്ത് എത്തിക്കുന്നതിനാവാം, നിരീക്ഷണപ്പറക്കലുകൾ നടത്തുന്നതിനാവാം, അത്യാവശ്യഘട്ടങ്ങളിൽ മെഡിക്കൽ സർവ്വീസ് എത്തിക്കുന്നതിനാവാം.. അങ്ങനെ പല രീതിയിൽ പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്ന രണ്ടു സൈനികവിഭാഗങ്ങളാണ് കരസേനയും വായുസേനയും. ഭാരതത്തെപ്പോലെ വിശാലമായ അതിർത്തിയും ചൈനയെയും പാകിസ്താനെയും പോലെയുള്ള അയൽക്കാരുമുള്ള രാജ്യങ്ങളെ സംബന്ധിച്ച് അത്യന്താധുനികമായ ആയുധങ്ങൾ ആവനാഴിയിലുണ്ടാകേണ്ടത് അത്യാവശ്യവുമാണ്.
ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും തന്ത്രപ്രധാനമായ അതിർത്തിയാണ് പാകിസ്ഥാനും ചൈനയുമായി അതിർത്തി പങ്കിടുന്ന ഹിമാലയൻ മലനിരകൾ. ലോകത്തിലെ തന്നെ ഏറ്റവും ദുർഘടമായ ഭൂപ്രകൃതിയുള്ള രാജ്യാന്തര അതിർത്തിപ്രദേശമാണ് ഹിമാലയം. അവിടേക്ക് ഇന്ത്യയുടെ വലിയ യന്ത്രത്തോക്കുകളെ പോലെയുള്ളവയെ എത്തിക്കുക എന്നത് കരസേനയ്ക്ക് വളരെ അത്യാവശ്യമായിരുന്നു. അവിടെയാണ് ദൗലത്ബേഗ് ഓൾഡി എന്ന എയർ സ്ട്രിപ്പിന്റെ പ്രാധാന്യം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർ സ്ട്രിപ്പാണ് ദൗലത്ബേഗ് ഓൾഡി. എന്നാൽ ഒരു എയർപോർട്ടിലെ പോലെ റൺവേ ഒന്നും അവിടെയില്ല താനും. അങ്ങനത്തെ ഒരു സ്ഥലത്ത് ലാൻഡ് ചെയ്യാൻ ശേഷിയുള്ള ഒരു ഭാരവാഹകവിമാനം ഇപ്പോൾ ഭാരതീയ വായുസേനയ്ക്ക് സ്വന്തമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനങ്ങളിലൊന്നായ ലോക്ക്ഹീഡ് മാർട്ടിന്റെ C130J സൂപ്പർ ഹെർക്കുലീസ്.
ലാൻഡിങ്ങും ടേക്ക്ഓഫും അതീവദുഷ്കരമായ ദൗലത്ബേഗ് ഓൾഡിയിൽ സൂപ്പർ ഹെർക്കുലീസിനെ വിജയകരമായി ലാൻഡ് ചെയ്യിച്ച് 2013ൽത്തന്നെ ഇന്ത്യൻ എയർഫോഴ്‌സിന്റെ പൈലറ്റുമാർ തങ്ങളുടെ കഴിവ് തെളിയിച്ചിരുന്നു. ശബ്ദത്തിന്റെ പകുതിവേഗതയിൽ 20 ടണ്ണോളം ഭാരം വഹിച്ചുകൊണ്ട് പറന്നുയരാൻ സാധിക്കുന്ന സൂപ്പർ ഹെർക്കുലീസിന് ഭാരതം ശത്രുക്കളിൽ നിന്നും നിരന്തരഭീഷണി നേരിടുന്ന ലഡാഖിലേക്ക് വളരെയെളുപ്പം പറന്നെത്താൻ സാധിക്കും. റഷ്യൻ നിർമ്മിത ട്രാൻസ്‌പോർട്ട് വിമാനങ്ങളുടെ പ്രധാനപോരായ്‌മകളായ യന്ത്രത്തകരാറുകളോ കൂടുതൽ മെയിന്റനൻസോ ഒന്നും ഇല്ലാത്ത സൂപ്പർ ഹെർക്കുലീസിന് ഏതു പരിസ്ഥിതിയിലും ലാൻഡ് ചെയ്യാൻ സാധിക്കുമെന്നത് അതിന്റെ പ്രധാന ആകർഷണീയതയാണ്.
വിവിധ കോമ്പിനേഷനുകളിലായി 20 ടണ്ണോളം ഭാരം വഹിക്കാൻ ശേഷിയുള്ള ഈ വിമാനത്തിന് മണിക്കൂറിൽ പരമാവധി 670 കിലോമീറ്റർ വേഗതയിൽ ഒൻപതു കിലോമീറ്ററോളം ഉയരത്തിൽ പറക്കാൻ സാധിക്കും. 128 സൈനികരെ അല്ലെങ്കിൽ 92 പാരാ ട്രൂപ്പേഴ്സിനെ ഒറ്റയടിക്ക് ലക്ഷ്യസ്ഥാനത്തെത്തിക്കുവാൻ ശേഷിയുള്ള ഈ വിമാനം ടർബോഫാൻ-പ്രൊപ്പല്ലർ (Turboprop) എഞ്ചിൻ ഉപയോഗിക്കുന്ന തരമാണ്. ടർബോപ്രോപ് എഞ്ചിൻ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മിലിട്ടറി എയർക്രാഫ്റ്റുകളിൽ ഒന്നു കൂടിയാണ് സൂപ്പർ ഹെർക്കുലീസ്. ഈ കരുത്തന് കരുത്തു പകരുന്നത് വിമാനഎഞ്ചിൻ നിർമ്മാണരംഗത്തെ അതികായന്മാരിൽ ഒന്നായ റോൾസ് റോയ്‌സിന്റെ എഞ്ചിനുകളാണ്. ഉദ്ദേശം 5648 കിലോമീറ്റർ റേഞ്ചുള്ള സൂപ്പർ ഹെർക്കുലീസ് ഇപ്പോൾ 11 എണ്ണമാണ് ഭാരതീയ വായുസേനയുടെ കൈവശം സർവ്വീസിലിരിക്കുന്നത്.
Discussion about this post