ആയുധ നിർമ്മാണത്തിൽ പരമാവധി സ്വയം പര്യാപ്തതയിൽ എത്തുകയെന്നതാണ് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന അജണ്ട. എങ്കിലും ആധുനികീകരണത്തിന് ആവശ്യമായ ആയുധങ്ങളും പോർ വിമാനങ്ങളും വാങ്ങുകയെന്നതും ഇന്ത്യയുടെ പ്രധാന തീരുമാനങ്ങളിലൊന്നാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖലയുടെ ഭാവി തീരുമാനിക്കുന്ന ചില നിർണ്ണായക പദ്ധതികൾക്ക് ഇപ്പോൾ ജീവൻ വച്ചു തുടങ്ങിയിട്ടുണ്ട്.
AMCA (Advanced Medium Combat Aircraft)
ലോകരാഷ്ട്രങ്ങൾ അഞ്ചാംതലമുറ യുദ്ധവിമാനങ്ങളുടെ വികസനത്തിന് പിന്നാലെയാണ്. അഞ്ചാംതലമുറ വിമാനങ്ങൾ നിർമ്മിച്ച് കഴിഞ്ഞവർ ആറാംതലമുറ വിമാനങ്ങളുടെ ഗവേഷണത്തിലും. ഇന്ത്യയും അല്പം വൈകിയാണെങ്കിലും ആ ഒരു വഴിയിലൂടെയാണ് നീങ്ങുന്നത്. മുൻപ് റഷ്യയുമായി ചേർന്ന് FGFA (Fifth Generation Fighter Aircraft) എന്ന പേരിൽ അഞ്ചാംതലമുറ വിമാനം നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും റഷ്യയുടെ മെല്ലെപ്പോക്ക് നയം കാരണം ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അതേ സമയത്തു തന്നെ AMCA (Advanced Medium Combat Aircraft) എന്ന പേരിൽ അറിയപ്പെടുന്ന മറ്റൊരു അഞ്ചാം തലമുറ മൾട്ടിറോൾ ഫൈറ്റർ വിമാനവും സ്വന്തമായി നിർമ്മിക്കാൻ നമ്മൾ പദ്ധതിയിട്ടിരുന്നു. അതാണ് നിലവിൽ ജീവൻ വച്ച ഒരു പദ്ധതി.
അഞ്ചാം തലമുറ വിമാനങ്ങളുടെ സവിശേഷതയായ സ്റ്റെൽത് (ശത്രു റഡാറുകൾക്ക് എളുപ്പം കണ്ടുപിടിക്കാനാകാത്ത രൂപകൽപ്പനയും നിറവും), ശത്രു റഡാറുകളെ എളുപ്പം കണ്ടെത്തി കരയിലും ആകാശത്തുമുള്ള ലക്ഷ്യങ്ങളെ തിരിച്ചറിയാൻ സാധിക്കുന്ന അടുത്ത തലമുറ AESA (Active Electronic Scanned Array) റഡാറുകൾ, ആയുധങ്ങൾ പുറത്തു കാണാത്ത വിധം സജ്ജീകരിക്കാവുന്ന ഇന്റേണൽ വെപ്പൺസ് ബേ, ഇരുനൂറിലധികം കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തെപ്പോലും ഭേദിക്കാൻ കഴിവുള്ള പുതുതലമുറ BVR (Beyond Visual Range) മിസൈലുകൾ, ലേസർ ഗൈഡഡ് ബോംബുകൾ തുടങ്ങിയ ആയുധങ്ങൾ, പുതുതലമുറ നിയന്ത്രണ സംവിധാനങ്ങൾ, തുടങ്ങിയ സകല സവിശേഷതകളും ഉൾക്കൊള്ളുന്നതാണ് AMCA.
2007 കാലഘട്ടം മുതൽ പദ്ധതിയിട്ടു തുടങ്ങിയെങ്കിലും 2018ഓടെയാണ് പദ്ധതിക്ക് ജീവൻ വച്ചത്. മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറാണ് FGFA രൂപകൽപ്പനയിൽ റഷ്യയുടെ മെല്ലെപ്പോക്ക് മനസ്സിലാക്കി AMCA നിർമ്മാണം വേഗത്തിലാക്കാൻ മുൻകൈയെടുത്തത്. നിലവിലെ വേഗതയിൽപ്പോലും 2032 എങ്കിലും ആകാതെ AMCAയുടെ ആദ്യ മോഡൽ പറന്നുയരില്ലെന്ന് മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നു. 2035ഓടു കൂടി ആദ്യ ബാച്ചിനെ സർവീസിൽ എത്തിക്കുവാനാണ് വായുസേനയും ലക്ഷ്യമിടുന്നത്. ആ സമയമാകുമ്പോഴേക്ക് മറ്റു ചില രാജ്യങ്ങളിൽ ആറാംതലമുറ യുദ്ധവിമാനങ്ങൾ പറന്നു തുടങ്ങുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ORCA (Omni Role Combat Aircraft)
മൂന്നാമതൊരു വിമാനവാഹിനി എന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്ന നാവികസേനയുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് TEDBF (Twin Engine Deck Based Fighter) ജെറ്റ് എന്ന പുതുതലമുറ യുദ്ധവിമാനങ്ങൾ. വായുസേനയുമൊത്ത് ORCA (Omni Role Combat Aircraft) എന്നൊരു യുദ്ധവിമാനത്തിന്റെ വികസനത്തിന് തയ്യാറാണെന്ന് നാവികസേന സർക്കാരിനെ അറിയിച്ചിരുന്നു. മുൻകാലങ്ങളിൽ ബ്രിട്ടീഷ് നിർമ്മിത സീ ഹോക്ക്, സീ ഹാരിയർ വിമാനങ്ങളും നിലവിൽ റഷ്യൻ നിർമ്മിത മിഗ്-29 വിമാനവുമാണ് ഭാരതത്തിന്റെ വിമാനവാഹിനിക്കപ്പലുകളായ വിക്രാന്ത്, വിരാട്, വിക്രമാദിത്യ എന്നിവയിൽ ആ സ്ഥാനം വഹിച്ചിട്ടുള്ളവ.
പുതിയ വിമാനവാഹിനിയായ വിക്രാന്ത് (കൊച്ചി ഷിപ്പ് യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന) നീറ്റിലിറങ്ങുമ്പോഴേക്ക് നിലവിലെ വിമാനങ്ങൾക്കുള്ള പ്രശ്നങ്ങൾ ഒന്നുമില്ലാത്ത മറ്റൊരു നൂതന യുദ്ധവിമാനം വേണ്ടിവരുന്ന നാവികസേനയ്ക്ക് നിലവിൽ 57 യുദ്ധവിമാനങ്ങൾ ആവശ്യമാണ്. നാവികസേനയുടെ ഈ ഡീലിൽ റാഫേൽ നിർമ്മാതാക്കളായ ഫ്രഞ്ച് കമ്പനി ദസ്സോ, സൂപ്പർ ഹോർണറ്റ് നിർമ്മാതാക്കളായ അമേരിക്കൻ കമ്പനി ബോയിങ്, റഷ്യൻ കമ്പനി റൊസോബോറോൺ എക്സ്പോർട്ട്, സ്വീഡിഷ് കമ്പനിയായ സാബ് എന്നിവർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
MWF (Medium Weight Fighter)
തേജസ് എന്ന LCA (Light Combat Aircraft) പദ്ധതിക്ക് Mk1, Mk1A എന്നീ വേരിയന്റുകൾക്ക് ശേഷം Mk2 എന്നൊരു പുതിയ വിമാനം പദ്ധതിയിലുണ്ടായിരുന്നു. എന്നാൽ വായുസേന സൂചിപ്പിച്ച LCAയുടെ ചില പരിമിതികൾ മറികടക്കാൻ വേണ്ടി രൂപകൽപ്പനയിൽ മാറ്റം വരുത്തിയതാണ് MWF (Medium Weight Fighter). നിലവിലെ തേജസിന്റെ രണ്ടാം പതിപ്പിനു പകരം പുതിയൊരു വിമാനം തന്നെ രൂപകൽപ്പന ചെയ്യുകയാണ് HAL ഇപ്പോൾ. 2030നു മുൻപ് സേനയിൽ വിന്യസിക്കുക എന്ന ഉദ്ദേശത്തോടെ രൂപകൽപ്പന ചെയ്യപ്പെടുകയാണ് ഇപ്പോൾ MWF. വേഗതയിൽ (1.8 മാക്) പഴയ തേജസിനൊപ്പമാണെങ്കിലും റേഞ്ചിലും ആയുധവാഹകശേഷിയിലും തേജസിനെക്കാൾ മുന്നിട്ടു നിൽക്കുന്ന വിമാനമാണ് MWF. 1500 കിലോമീറ്റർ റേഞ്ചും ആയുധം ഘടിപ്പിക്കാനുള്ള 11 ഹാർഡ്‌പോയിന്റുകളും DRDO നിർമ്മിക്കുന്ന പുതുതലമുറ ഉത്തം AESA റഡാറും ഒക്കെയായി ഒരു മികച്ച വിമാനമായിത്തന്നെയാണ് MWFനെയും വികസിപ്പിച്ചു വരുന്നത്.
ഘാതക്
2025ഓട് കൂടി സർവ്വീസിൽ വിന്യസിക്കും എന്ന് കരുതപ്പെടുന്ന ആദ്യത്തെ സ്വദേശി UCAV (Unmanned Combat Air Vehicle) ആണ് ഘാതക്. നിലവിലുള്ള UAVകളിൽ നിന്നും വ്യത്യസ്തമായി വിവിധലക്ഷ്യങ്ങളെ ആക്രമിക്കാൻ ശേഷിയുണ്ടെന്നതാണ് ഘാതകിനെ വ്യത്യസ്തമാക്കുന്നത്. വായുസേനയ്ക്ക് കൂടുതൽ പിൻബലമേകുന്നതിനായി 2009 മുതൽ പദ്ധതിയ്ക്കായുള്ള പഠനം ആരംഭിച്ചെങ്കിലും 2019ലാണ് അതിനായി 231 കോടി രൂപ വകയിരുത്തിക്കൊണ്ട് സർക്കാർ ഈ പദ്ധതിക്ക് ഊർജ്ജമേകിയത്. ഘാതകിനുള്ള എഞ്ചിനും തദ്ദേശീയമായിത്തന്നെ വികസിപ്പിക്കാനാണ് നീക്കം. നിലവിലെ സാഹചര്യത്തിൽ ആക്രമണശേഷിയുള്ള UAVയായ അമേരിക്കൻ നിർമ്മിത പ്രെഡേറ്റർ ബിയുടെ 30 ഡ്രോണുകൾക്ക് ഭാരതം ഓർഡർ നൽകിയിട്ടുണ്ട്.
Discussion about this post