ലോകത്തെ ഏറ്റവും കരുത്തുറ്റ നാവികസേന ഏതെന്ന ചോദ്യത്തിന് പൊതുവെ ഉത്തരം ഒന്നേയുള്ളൂ. അത് അമേരിക്കൻ നാവിക സേനയാണ്. നിരവധി വിമാനവാഹിനികളും കൂറ്റൻ പടക്കപ്പലുകളുമുള്ള അമേരിക്കൻ കപ്പൽ പട ലോകത്തെ ഒന്നാമത്തെ നാവികശക്തിയായാണ് അറിയപ്പെടുന്നത്. എന്നാൽ അമേരിക്കയെപ്പോലും ഞെട്ടിക്കുന്ന ഒരു പടക്കപ്പലുണ്ട്. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സമുദ്രതല നശീകരണ യുദ്ധക്കപ്പൽ – റഷ്യയുടെ പീറ്റർ ദ ഗ്രേറ്റ്
റഷ്യൻ നാവികസേനയുടെ കിറോവ് ക്ലാസ് ബാറ്റിൽ ക്രൂയിസർ വിഭാഗത്തിലെ നാലാമത്തെ യുദ്ധക്കപ്പലായിരുന്നു യൂറി ആന്ത്രോപ്പോവ്. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയുടെ പേരായിരുന്നു കപ്പലിന് നൽകിയത്. 1986 ൽ നിർമ്മാണം ആരംഭിച്ചുവെങ്കിലും സോവിയറ്റ് യൂണിയൻ തകർന്നതോടെ വിചാരിച്ച സമയത്ത് കപ്പൽ പൂർത്തിയാക്കാനായില്ല. ഒടുവിൽ 1996 ൽ കമ്മീഷൻ ചെയ്ത് 1998 ൽ കപ്പൽ നീറ്റിലിറക്കി. പേര് പക്ഷേ യൂറി ആന്ത്രപ്പോവ് എന്നായിരുന്നില്ല.റഷ്യയുടെ നാവിക സേനയ്ക്ക് തുടക്കമിട്ട സാർ ചക്രവർത്തിമാരിൽ ഒരാളായ പീറ്ററിന്റെ പേരാണ് ഈ കൂറ്റൻ പടക്കപ്പലിന് നൽകിയിരിക്കുന്നത്.റഷ്യയുടെ നോർത്തേൺ കപ്പല്പടയ്ക്കൊപ്പമാണ് ഈ നശീകരണ ഭീമന്റെ സ്ഥാനം.
ഇരുപത് ദീർഘദൂര കപ്പൽ വേധ പി-700 മിസൈലുകളാണ് പീറ്റർ ദ ഗ്രേറ്റിന്റെ പ്രത്യേകത. 700 കിലോ പോർമുന വഹിക്കുന്ന ഈ മിസൈൽ ഒരു കപ്പലിനെ തകർത്ത് തരിപ്പണമാക്കാൻ കെൽപ്പുള്ളവയാണ്. തൊടുത്തുവിട്ടു കഴിഞ്ഞാൽ ഒരുമിച്ച് ചെന്ന് ലക്ഷ്യം തകർത്തുകളയുന്ന സംവിധാനമാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ പടക്കപ്പലിനെ ആക്രമിച്ച് നശിപ്പിക്കാമെന്ന് ആരെങ്കിലും കരുതിയാൽ അതും നടക്കാൻ പോകുന്നില്ല. എസ്-300 മിസൈൽ വേധ സംവിധാനമാണ് കപ്പലിനെ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കുന്നത്. സൂപ്പർ സോണിക് വേഗതയിൽ വരുന്ന മിസൈലുകളെപ്പോലും ആകാശത്ത് വച്ച് എസ്-300 ഭസ്മമാക്കും. റോക്കറ്റ് ലോഞ്ചറുകളും കരുത്തുറ്റ തോക്കുകളും ഈ നശീകരണകപ്പലിന്റെ പ്രത്യേകതയാണ്. ഇതിനെല്ലാമുപരി ഡെക്കിനുള്ളിൽ മൂന്ന് കാമോവ് ഹെലിക്സ് ഹെലികോപ്ടറുകളുമുണ്ട്.2500 കിലോമീറ്റർ ദൂരപരിധിയുള്ള ഹൈപ്പർ സോണിക്ക് മിസൈലുകൾ കൂടി ഇതിനോട് ഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതുകൂടി ചേർന്നാൽ അത്യന്തം പ്രഹരശേഷിയുള്ള പീറ്റർ ദ ഗ്രേറ്റിന്റെ ശക്തി പതിന്മടങ്ങ് വർദ്ധിക്കും.
28000 ടൺ കേവുഭാരമുള്ള ഈ പടുകൂറ്റൻ ഡിസ്ട്രോയർ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പലായാണ് പരിഗണിക്കപ്പെടുന്നത്. അമേരിക്കയുടെ ബി2 ബോംബർ വിമാനങ്ങളെപ്പോലെ റഷ്യയുടെ പാരമ്പര്യവും അടയാളവുമാണ് പീറ്റർ ദി ഗ്രേറ്റ്
Discussion about this post