മലെകിയോക് : ചൈനക്കെതിരെ പ്രതിരോധം തീർക്കാൻ സൈനിക കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് അമേരിക്കയോട് അഭ്യർത്ഥിച്ച് ദ്വീപ് രാഷ്ട്രമായ പലാവു. പലാവു പ്രസിഡന്റ് ടോമി റെമെൻഗേസു ആണ് അമേരിക്കയോട് സഹായം അഭ്യർത്ഥിച്ചത്. 22,000 ജനങ്ങൾ മാത്രമുള്ള ഈ ദ്വീപ് രാഷ്ട്രത്തിന്റെ സുരക്ഷ ചുമതല അമേരിക്കയാണ് നോക്കുന്നത്.
കഴിഞ്ഞയാഴ്ച്ച പലാവുവിലെത്തിയ അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറോടാണ് പ്രസിഡന്റ് അഭ്യർത്ഥന നടത്തിയത്. വിശാലമായ സമുദ്രമേഖല സ്വന്തമായുള്ള പലാവുവിന് സുരക്ഷ ഒട്ടും എളുപ്പമല്ല. ചൈനയുടെ അധിനിവേശം വലിയ ഭീഷണിയായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്ക വ്യോമ – നാവികസേന താവളം സ്ഥാപിക്കണമെന്ന് പലാവു അഭ്യർത്ഥിക്കുന്നത്. നിലവിൽ സൈനിക വിന്യാസം ഇവിടെയില്ല.
തായ്‌വാനുമായി നയതന്ത്ര ബന്ധമുള്ള ചുരുക്കം ചില രാഷ്ട്രങ്ങളിൽ ഒന്നാണ് പലാവു. അതുകൊണ്ട് തന്നെ പലാവുവിനെ തങ്ങളുടെ അധീനതയിൽ നിർത്താൻ ചൈന കാലങ്ങളായി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത് പലാവു നിരസിച്ചു. ഇതിനെ തുടർന്ന് ടൂറിസം പ്രധാന വരുമാന മാർഗ്ഗമായ പലാവുവിലേക്ക് പോകരുതെന്ന് ചൈന തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ് പലാവു. ഫിലിപ്പീൻസിന് 800 കിലോമീറ്റർ കിഴക്കായ പസഫിക് സമുദ്രത്തിൽ കിടക്കുന്ന 26 ദ്വീപുകളും മുന്നൂറിലധികം തുരുത്തുകളും ഉൾപ്പെട്ട ഭൂവിഭാഗമാണ് ഈ രാജ്യം. അമേരിക്കൻ നിയന്ത്രണത്തിലായിരുന്ന പലാവു 1994 ഒക്ടോബർ ഒന്നിനാണ് സ്വതന്ത്രമായത്
Discussion about this post