പുരാതനമായ യുദ്ധതന്ത്രങ്ങളിൽ അപകടകരവും എന്നാൽ സുപ്രധാനവുമായ ഒന്നാണ് ആംഫിബിയസ് അസോൾട്ട്. കടലിൽ നിന്നും സൈനിക ഡിവിഷനും കവചിത വാഹനങ്ങളും വളരെ പെട്ടെന്ന് എതിരാളിയുടെ തീരത്തേക്ക് ആക്രമിച്ച് കയറുന്ന തന്ത്രമാണ് ആംഫിബിയസ് അസോൾട്ട്.
പടക്കപ്പലുകളിൽ നിന്ന് ബോട്ടുകൾ വഴി തീരത്തേക്ക് ആയുധങ്ങളേയും സൈനികരേയും എത്തിക്കുന്ന രീതിയാണ് പരമ്പരാഗതമായി ഉപയോഗിച്ചിരുന്നത്. എന്നാൽ വെള്ളത്തിലും കരയിലും ഒരുപോലെ ഓടാൻ കഴിവുള്ള വാഹനങ്ങൾ ഉപയോഗിച്ച് വേഗതയിൽ സൈനികരെ എത്തിക്കാനാണ് ഇപ്പോൾ സൈന്യങ്ങൾ ശ്രമിക്കുന്നത്.
സ്പെഷ്യൽ ഓപ്പറേഷൻ ആയാണ് പലപ്പോഴും യുദ്ധങ്ങളിൽ ഇത് അനുവർത്തിക്കാറുള്ളത്. പ്രതിരോധമെന്നതിലുപരി സമ്പൂർണമായ ആക്രമണ തന്ത്രമാണിത്. അതുകൊണ്ട് തന്നെ കൂടുതൽ അപകടകരവും. എങ്കിലും ശത്രു നിരയെ ഞെട്ടിക്കാനും ശത്രുക്കളുടെ പ്രദേശങ്ങളിൽ സ്വന്തം സൈനിക കേന്ദ്രങ്ങൾ സ്ഥാപിക്കാനും ഈ നീക്കം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ലോകമഹായുദ്ധങ്ങളിലെല്ലാം വിജയകരമായ രീതിയിൽ ഈ ഓപ്പറേഷൻ നടന്നിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലെ പ്രസിദ്ധമായ ഗാലിപോലി യുദ്ധവും രണ്ടാം ലോക മഹായുദ്ധത്തിലെ നോർമണ്ടി , ഐവോ ജിമ യുദ്ധങ്ങളുമെല്ലാം ആംഫിബിയസ് അസോൾട്ടിന്റെ ഉദാഹരണങ്ങളാണ്.
അമേരിക്ക , റഷ്യ, ചൈന , ഫ്രാൻസ് , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം ആംഫിബിയസ് അസോൾട്ട് നടത്താനാവശ്യമായ എല്ലാ സംവിധാനങ്ങളുമുണ്ട്. മെയിൻ ബാറ്റിൽ ടാങ്കുകളെപ്പോലും വഹിക്കാൻ ശേഷിയുള്ള പല സ്പെഷ്യൽ വാഹനങ്ങളും വിവിധ രാജ്യങ്ങളിലെ സൈന്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. പലതരത്തിലുള്ള ആംഫിബിയസ് വാഹനങ്ങൾ ഇന്ത്യൻ സൈന്യവും ഉപയോഗിക്കുന്നുണ്ട്.
കൂടുതൽ വേഗതയുള്ള കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള ആംഫിബിയസ് വാഹനങ്ങൾക്കായാണ് ഇപ്പോൾ പരീക്ഷണങ്ങൾ നടക്കുന്നത്. യുദ്ധതന്ത്രങ്ങൾ മാറിമറിയുന്ന ആധുനിക കാലത്തും അപ്രതീക്ഷിത ആക്രമണത്തിനു സഹായിക്കുന്ന ഇത്തരം സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ.
Discussion about this post