ഇന്ത്യൻ നാവികസേനയുടെ കരുത്തരായ ഡൽഹി ക്ലാസ് നശീകരണക്കപ്പലുകളിലെ നമ്പർ വൺ. തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഡിസ്ട്രോയർ.. നാവികസേനയുടെ ഭാഗമാകുന്ന സമയത്ത് ഏറ്റവും കരുത്തുറ്റ ഗൈഡഡ് മിസൈൽ പടക്കപ്പൽ.. പടിഞ്ഞാറൻ കമാൻഡിന്റെ അവിഭാജ്യ ഘടകമായ ഐ.എൻ.എസ് മൈസൂറിന്റെ വിശേഷങ്ങളുമായാണ് ബ്രേവ് ഇന്ത്യ നിങ്ങൾക്ക് മുന്നിലെത്തുന്നത്.
നാവിക സേന ജെട്ടിയിൽ കിടക്കുന്ന ഐ.എൻ.എസ് മൈസൂറിനിടുത്തേക്ക് നീങ്ങുന്ന നമ്മൾ ഗ്യാംഗ്വേയിലൂടെയാണ് കപ്പലിലേക്ക് കടക്കുന്നത്. നാമിപ്പോൾ ഐ.എൻ.എസ് മൈസൂറിന്റെ ഗാംഗ്വെയിലൂടെ നടന്നുകൊണ്ടിരിക്കുകയാണ്. കപ്പലിന്റെ ഓഫീസർമാർ നമ്മെ സല്യൂട്ട് നൽകിയാണ് സ്വീകരിക്കുന്നത്. സ്ത്രീകൾ പടക്കപ്പലിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും സല്യൂട്ട് നൽകി ആദരിക്കപ്പെടും.
നാം ഐ.എൻ.എസ് മൈസൂറിന്റെ ഉള്ളിലേക്ക് കടക്കുകയാണ്. എല്ലാ സഞ്ചാരങ്ങളും നിയന്ത്രിക്കുന്നത് ഇവിടെ നിന്നാണ്. കപ്പലിലെ നാവികരുടെ എണ്ണവും മറ്റ് വിവരങ്ങളും ഇവിടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജെട്ടിയിലേക്ക് എത്തുന്ന കപ്പലുകളേയും ചുറ്റുമുള്ള മറ്റ് പ്രവർത്തനങ്ങളേയും കൃത്യമായി നിരീക്ഷിക്കുന്നതിന്റെ കാഴ്ച്ചയാണ് നാമിപ്പോൾ കാണുന്നത്.
കപ്പിലിന്റെ മുൻഭാഗത്തേക്കാണ് നാമിപ്പോൾ പോകുന്നത്. ഇതാണ് കപ്പലിന്റെ മുന്നറ്റം. ഇവിടെയാണ് കൃത്യമായ സമയത്ത് ദേശീയപതാക ഉയർത്തുന്നത്. ഇവിടെയെത്തുമ്പോൾ ടൈറ്റാനിക്ക് എന്ന സിനിമയിലെ മനോഹരമായ ദൃശ്യം നിങ്ങളുടെ ഓർമ്മയിലെത്തും എന്നതിൽ സംശയമില്ല.
നമുക്ക് തിരിഞ്ഞു നടക്കാം. ഒരു നിമിഷം നിന്ന് കപ്പലിന്റെ ആ വിശാലതയെ ഒരു നോക്ക് കാണാം. ഇനിയും നടന്നു തുടങ്ങുമ്പോൾ കപ്പലിന്റെ മുൻഭാഗത്തെ സജ്ജീകരണങ്ങളാണ് നമുക്ക് കാണാൻ കഴിയുക. നങ്കൂരമുറപ്പിക്കാനും കപ്പലിനെ ഒഴുകാതെ സ്ഥിരമായി നിൽക്കാനും സഹായിക്കുന്ന സംവിധാനങ്ങളാണിവയൊക്കെ. കപ്പലിന്റെ നങ്കൂരവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചങ്ങലയാണിത്. നങ്കൂരം എവിടെയാണെന്ന് അടയാളപ്പെടുത്തുന്ന ബോളാണ് ഈ കാണുന്നത്.
ഇതാണ് ഈ പടക്കപ്പലിന്റെ പ്രധാന തോക്ക്. കറങ്ങി വെടിവെക്കാൻ ശേഷിയുള്ള ഈ തോക്ക് മുൻ വശത്തെ വലിയൊരു മേഖലയിലുള്ള ശത്രുവിനു നേരേ തീയുണ്ടകൾ പായിക്കും. സർഫസ് ടു സർഫസ് മിസൈലുകൾ പായിക്കുന്ന ലോഞ്ചറുകളാണ് ഈ കാണുന്നത്.ഇത് ആകാശത്തേക്ക് മിസൈലുകൾ പായിക്കുന്ന ലോഞ്ചറാണ്.
വളരെ ദൂരെനിന്ന് തന്നെ മറ്റ് കപ്പലുകളേയും പോർ വിമാനങ്ങളേയും കണ്ടെത്താൻ സഹായിക്കുന്ന റഡാറുകളും മറ്റ് സെൻസറുകളുമാണ് നമ്മൾ ഈ കാണുന്നത്.കപ്പലിന്റെ മദ്ധ്യഭാഗത്തേക്ക് കണ്ണോടിക്കുമ്പോൾ അന്തർവാഹിനി വേധ റോക്കറ്റ് ലോഞ്ചറുകളും കാണാം.
കപ്പലിന്റെ മുകൾത്തട്ടിലേക്കാണ് നാമിനി പോകാനൊരുങ്ങുന്നത്. ബ്രിഡ്ജ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഇവിടെ നിന്നാണ് കപ്പൽ നിയന്ത്രിക്കുന്നത്.
ഇതാണ് കപ്പിത്താന്റെ സീറ്റ്. പെലോറസ് എന്ന് വിളിക്കുന്ന ഈ ഉപകരണത്തിലാണ് കോമ്പസ് ഘടിപ്പിച്ചിരിക്കുന്നത്. കപ്പലിന്റെ ഗതി സുരക്ഷിതമായി നിയന്ത്രിക്കാൻ കപ്പിത്താനെ സഹായിക്കുന്നത് ഇതാണ്. നാവിഗേഷൻ റഡാർ ഡിസ്പ്ലേ ,ഇലക്ട്രോണിക് ചാർട്ട് ഡിസ്പ്ലേ സിസ്റ്റം എന്നിവയും നമുക്ക് കാണാം.
ഇതാണ് സ്റ്റിയറിംഗ് യൂണിറ്റ്.. ഇവിടെയാണ് ക്വാർട്ടർമാസ്റ്റർ കപ്പൽ നിയന്ത്രിക്കുന്നത്.
നമ്മൾ ഇപ്പോൾ ഉള്ളത് കപ്പലിന്റെ മദ്ധ്യഭാഗത്താണ്. ഇതുവഴി നമുക്ക് കപ്പലിന്റെ പിറക് ഭാഗത്തേക്ക് പോകാം.
ഓരോ മുക്കും മൂലയും വൃത്തിയായി ആണ് സൂക്ഷിച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ അഗ്നിശമന യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തിര രക്ഷാമാർഗ്ഗങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
നമ്മളിപ്പോൾ കപ്പലിന്റെ പിറകുവശത്ത് എത്തി. ഇതാണ് ഹെലികോപ്ടർ ഡെക്ക് . ഐ.എൻ.എസ് മൈസൂറിന് രണ്ട് ഹെലികോപ്ടറുകളെ ഉൾക്കൊള്ളാൻ കഴിയും.
ഇനി ഐ.എൻ.എസ് മൈസൂറിന്റെ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം. പഴയ റോയൽ നേവി മൈസൂർ പടക്കപ്പലിനെ ഇന്ത്യൻ നാവികസേന സ്വന്തമാക്കിയത് 1956 ലാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ഇറ്റാലിയൻ അന്തർവാഹിനി തൊടുത്തുവിട്ട ടോർപിഡോ ഈ കപ്പലിൽ പതിച്ചെങ്കിലും അവൾ ആ ആക്രമണത്തെ അതിജീവിച്ചു.
1961 ലെ ഗോവ വിമോചനത്തിലും , 1965 ലെയും 1971 ലേയും ഇന്ത്യ പാകിസ്താൻ യുദ്ധത്തിലും പഴയ ഐ.എൻ.എസ് മൈസൂർ നിർണായക പങ്കു വഹിച്ചു. 28 വർഷത്തെ സേവനത്തിനു ശേഷം 1985 ൽ ഐ.എൻ.എസ് മൈസൂർ ഡീകമ്മീഷൻ ചെയ്തു.
നമ്മളിപ്പോൾ കണ്ട പുതിയ ഐ.എൻ.എസ് മൈസൂർ 1999 ജൂൺ രണ്ടിന് രാജ്യത്തിന് സമർപ്പിച്ചത് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ്. മറ്റ് നാവികസേനകളുമായി ചേർന്ന് നടത്തിയിട്ടുള്ള എല്ലാ സംയുക്ത സൈനികാഭ്യാസങ്ങളിലും ഐ.എൻ.എസ് മൈസൂർ പങ്കെടുത്തിട്ടുണ്ട്.
ഓപ്പറേഷൻ മദദ്, ഓപ്പറേഷൻ പരാക്രം, ഓപ്പറേഷൻ കാസ്റ്റർ , ഓപ്പറേഷൻ ക്രോസ്ബോ , ഓപ്പറേഷൻ ലോട്ടസ്, ഓപ്പറേഷൻ ബ്ലോസം തുടങ്ങിയ ഓപ്പറേഷനുകളിൽ മൈസൂർ പങ്കെടുത്തിട്ടുണ്ട്.
മൂന്ന് സേനകളും പരസ്പരം ബന്ധപ്പെട്ടിരിക്കണം എന്ന നയത്തിന്റെ ഭാഗമായി കരസേനയുടെ മദ്രാസ് റെജിമെന്റുമായാണ് ഐ.എൻ.എസ് മൈസൂറിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്. നിരന്തരം ഈ ബന്ധം പുതുക്കുന്നതിനാൽ ഇരു വിഭാഗത്തിന്റെയും ശക്തിയും ശേഷിയും പരസ്പരം മനസ്സിലാക്കി അവശ്യഘട്ടങ്ങളിൽ സംയുക്ത പ്രവർത്തനം നടത്താൻ കഴിയുന്നു.
Discussion about this post