ഏത് നിമിഷവും അന്തർ വാഹിനി തൊടുത്തുവിടുന്ന ടോർപിഡോ കപ്പലിനെ തകർത്തേക്കാം. വിക്ഷേപിച്ച മൈനുകളിൽ തട്ടി ആഴക്കടലിലേക്ക് കൂപ്പുകുത്തിയേക്കാം. എങ്കിലും ആ മരണക്കളി തെരഞ്ഞെടുക്കാൻ ഐ.എൻ.എസ് രജ്പുട്ട് എന്ന ഇന്ത്യൻ നേവിയുടെ പടക്കപ്പൽ തീരുമാനിച്ചു. ശേഷം നടന്നത് യുദ്ധചരിത്രത്തിലെ തന്നെ എറ്റവും മികച്ച തന്ത്രം. ഒടുവിൽ ഐ.എൻ.എസ് വിക്രാന്തിനെ മുക്കാനെത്തിയ പാകിസ്താന്റെ അന്തർവാഹിനി പി.എൻ.എസ് ഘാസി ബംഗാൾ ഉൾക്കടലിലെ ആഴങ്ങളിലേക്ക് തകർന്നടിഞ്ഞു.
തന്ത്രവും നിശ്ചയദാർഢ്യവും ധൈര്യവും ഒത്തിണങ്ങിയ ഒരു ഓപ്പറേഷനിലായിരുന്നു പി.എൻ.എസ് ഘാസിയെന്ന പാകിസ്താന്റെ കരുത്തുറ്റ അന്തർവാഹിനി ഐ.എൻ.എസ് രജ്പുട്ടിന്റെ ബോംബാക്രമണത്തിൽ തകർന്ന് തരിപ്പണമായത്. സിനിമ തിരക്കഥകളെ വെല്ലുന്ന ത്രസിപ്പിക്കുന്ന ആ സംഭവകഥ ഇങ്ങനെയാണ്.
അമേരിക്ക 1944ൽ നിർമ്മിച്ച് 1945ൽ കമ്മീഷൻ ചെയ്ത 95 മീറ്റർ നീളവും 1570 ടൺ കേവുഭാരവുമുള്ള സാമാന്യം വലിപ്പമുള്ള അന്തർവാഹിനിയായിരുന്നു ടെഞ്ച് ക്ളാസ് അന്തർവാഹിനികളിൽപ്പെടുന്ന USS ഡയബ്ലോ എന്ന PNS ഘാസി. 1964ൽ അമേരിക്കയുടെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഈ അന്തർവാഹിനിയെ ഒന്നര മില്യൺ ഡോളർ നൽകിയാണ് പാകിസ്ഥാൻ പാട്ടത്തിനെടുത്തത്. ഫാസ്റ്റ് അറ്റാക്ക് വിഭാഗത്തിൽപ്പെടുന്ന ഈ ഡീസൽ സബ്മറൈൻ 48 മണിക്കൂർ വരെ മുങ്ങിക്കിടക്കാൻ ശേഷിയുള്ളതുമായിരുന്നു. ഒറ്റയടിക്ക് 75 ദിവസം വരെ കടലിൽ തങ്ങാൻ ശേഷിയുണ്ടായിരുന്ന PNS ഘാസിക്ക് 20 നോട്ടിക്കൽ മൈൽ വരെ വേഗതയാർജ്ജിക്കുവാൻ കഴിയുമായിരുന്നു. തൊണ്ണൂറിലധികം നാവികരും 10 ടോർപിഡോകളുമായി 450 അടി താഴ്ചയിലേക്ക് കൂപ്പുകുത്താൻ ശേഷിയുണ്ടായിരുന്ന ഈ അന്തർവാഹിനിക്ക് കടൽത്തട്ടിൽ മൈൻ വിരിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നു. അന്നത്തെ സാഹചര്യത്തിൽ PNS ഘാസി ഇന്ത്യൻ നാവിക സേനയ്ക്ക് ഒരു ഭീഷണിയായിരുന്നു.
യുദ്ധത്തിന്റെ ആരംഭകാലത്ത് തന്നെ പാകിസ്ഥാൻ ഇന്ത്യയുടെ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്തിനെ തകർക്കാനും ഭാരതത്തിന്റെ കടൽത്തട്ടിൽ മൈൻ വിരിച്ച് കപ്പൽപ്പടയെ നശിപ്പിക്കാനുമുള്ള ഇരട്ട ദൗത്യത്തോടെ ഘാസിയെ ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് തുറമുഖത്തേക്കയക്കാൻ തീരുമാനിച്ചു. പാകിസ്ഥാനെ നാവികമായി പ്രതിരോധിച്ച ഇന്ത്യയുടെ നാവികസേന അതിനോടകം തന്നെ പാക് മുന്നേറ്റങ്ങളെ ഏതാണ്ട് നിർവീര്യമാക്കിയിരുന്നു. ഇതിൽ അസ്വസ്ഥരായ പാക് നേതൃത്വം 1971 നവംബർ പതിനാലിന് ഘാസിയെ രണ്ടും കൽപ്പിച്ച് ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു. ചിറ്റഗോങ്ങിൽ എത്തിയ ഘാസിക്ക് വിക്രാന്ത് ഇന്ത്യയുടെ തീരത്തേക്ക് മാറിയതായി അറിയിപ്പ് ലഭിച്ചു. തുടർന്ന് വിക്രാന്തിനെ ലക്ഷ്യമിട്ട് ഘാസി ചുറ്റിക്കറങ്ങാൻ ആരംഭിച്ചു.
പാകിസ്ഥാനിൽ നിന്നും ഘാസി തിരിച്ചതായി മുൻകൂട്ടി അറിഞ്ഞ ഇന്ത്യയുടെ വൈസ് അഡ്മിറൽ എൻ.കൃഷ്ണൻ വിക്രാന്താണ് ഘാസിയുടെ ലക്ഷ്യമെന്ന് കണക്കുകൂട്ടി. വിക്രാന്തിനെ അനുഗമിച്ചിരുന്നു നാല് കപ്പലുകളിൽ ഒന്നിൽ സോണാർ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ മറ്റു മൂന്നു കപ്പലുകളും ഒരേസമയം വിക്രാന്തിന്റെ 5-10 മൈൽ ദൂരത്തിനുള്ളിൽ തുടർച്ചയായി നിലകൊണ്ടില്ലെങ്കിൽ വിക്രാന്തിന്റെ അവസ്ഥ പരുങ്ങലിലാവുമായിരുന്നു. അതേത്തുടർന്ന് അദ്ദേഹം മദ്രാസിലായിരുന്ന വിക്രാന്തിനെ വിമാനങ്ങൾ എല്ലാം മാറ്റിയ ശേഷം ഒരു രഹസ്യസ്ഥാനത്തേക്ക് നീക്കി. തുടർന്ന് ഘാസിയെ തന്ത്രപരമായി കബളിപ്പിക്കാൻ തീരുമാനിച്ചു. വിക്രാന്ത് മദ്രാസ്/ഹൈദരാബാദ് തുറമുഖങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഉണ്ടാകണം എന്ന് ഘാസിയെക്കൊണ്ട് ചിന്തിപ്പിക്കുക എന്നതായിരുന്നു പദ്ധതി.
വിക്രാന്തിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയ ശേഷം കൃഷ്ണൻ മദ്രാസിലെ നേവൽ ഓഫീസർ ഇൻ ചാർജ്ജിനെ ടെലിഫോണിൽ ബന്ധപ്പെട്ട് വിശാഖപട്ടണത്തുള്ള വിക്രാന്ത് അധികം വൈകാതെ മദ്രാസിലേക്ക് തിരിക്കുമെന്ന് അറിയിച്ചു. അതുകൊണ്ട് ഒരു ബെർത്ത് പ്രത്യേകം സജ്ജമാക്കാനും ഒപ്പം ആവശ്യമായ റേഷനും മറ്റും കരുതിവയ്ക്കാനും ആവശ്യപ്പെട്ടു. ടെലിഫോണിലൂടെ ഇത്തരം തന്ത്രപ്രധാനനിർദ്ദേശം നൽകിയത് കൊണ്ട് മദ്രാസിലെ ഉദ്യോഗസ്ഥർ ആകെ അമ്പരന്നു. അതേസമയം തന്നെ വിശാഖപട്ടണത്ത് വിക്രാന്തിന്റെ യാത്രയ്ക്കാവശ്യമായ റേഷനും മറ്റും യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാർ ചെയ്തുവയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ വിക്രാന്തിന്റെ കപ്പൽവ്യൂഹം വിശാഖപട്ടണത്ത് തമ്പടിച്ചിരിക്കുകയാണെന്ന് വാർത്ത പരന്നു. ഈ അഭ്യൂഹങ്ങളും തന്റെ ടെലിഫോൺ കോളും എന്തായാലും പാകിസ്ഥാനിൽ അറിയിക്കേണ്ടവർ (ചാരന്മാർ) അറിയിക്കുമെന്ന് കൗശലക്കാരനായ അദ്ദേഹത്തിന് നന്നായറിയാമായിരുന്നു. അതായിരുന്നു കൃഷ്ണന് വേണ്ടതും.
ആന്ധ്രാതീരത്തെ മുക്കുവരെ നിരീക്ഷണത്തിന് നിയോഗിക്കുകയായിരുന്നു പിന്നീട് നാവികസേന ചെയ്തത്. അവർക്ക് ഒരു അന്തർവാഹിനി പോയിട്ടുണ്ടെങ്കിൽ അതിൽ നിന്ന് പുറത്തേക്ക് പോകുന്ന എണ്ണപ്പാട തിരിച്ചറിയാനും അന്തർവാഹിനിയുടെ രൂപത്തെപ്പറ്റിയും ഒക്കെ വിശദമായിത്തന്നെ പരിശീലനം കൊടുത്തു. തുടർന്നുള്ള നാളുകളിൽ അവിടത്തെ മുക്കുവർ ഭാരതീയ നാവികസേനയുടെ കണ്ണും കാതുമായി. തുടർന്ന് ആയിടെ ഡീകമ്മീഷൻ ചെയ്ത INS രാജ്പുത് എന്ന ഡിസ്ട്രോയർ കപ്പലിനെ INS വിക്രാന്തെന്ന വ്യാജേന വീണ്ടും രംഗത്തിറക്കാൻ കൃഷ്ണൻ തീരുമാനിച്ചു. അങ്ങനെ രാജ്പുതിന്റെ കമാൻഡിങ് ഓഫീസറായിരുന്ന ലെഫ്റ്റനന്റ് ഇന്ദർ സിംഗിനെ കൃഷ്ണൻ തന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു. ആത്മഹത്യാപരമായ ഇത്തരമൊരു മിഷനെപ്പറ്റി കേട്ടപ്പോൾ ഘാസിയുമായി നേരിട്ടൊരു ഏറ്റുമുട്ടലുണ്ടായാൽ രാജ്പുത് രക്ഷപ്പെടില്ല എന്നറിയാമായിരുന്നിട്ടും ധീരനായ ഇന്ദർ സിങ് സന്തോഷപൂർവ്വം അതേറ്റെടുത്തു.
തുടർന്ന് വിശാഖപട്ടണത്ത് നിന്നും രാജ്പുതിലേക്കും രാജ്പുതിൽ നിന്ന് തിരിച്ചും മദ്രാസിലേക്കും ഒക്കെയായി ധാരാളം വയർലെസ്സ് സന്ദേശങ്ങൾ അയക്കപ്പെട്ടു. വിക്രാന്തിന്റെ മാതൃകയിൽ സിഗ്നൽ സിസ്റ്റം ഉപയോഗിച്ച് സെക്യൂരിറ്റി സംവിധാനങ്ങൾ ഇല്ലാതെ വിക്രാന്തിലെ ഒരു നാവികൻ സുഖമില്ലാതിരിക്കുന്ന സ്വന്തം അമ്മയ്ക്ക് അയക്കുന്ന മട്ടിൽ ഒരു സന്ദേശവും മദ്രാസിലേക്ക് അയച്ചു. കനത്ത കമ്മ്യൂണിക്കേഷൻ ട്രാഫിക്ക് വിക്രാന്ത് പോലെ ഒരു വലിയ കപ്പലാണ് സാധാരണഗതിയിൽ ചെയ്യാറ്. ഈ സിഗ്നലുകൾ പിടിച്ചെടുത്ത ഘാസി ഒപ്പം കരയിൽ നിന്നുള്ള ചാരന്മാരുടെ സന്ദേശവും കൂടിയായപ്പോൾ കടലിലുള്ളത് വിക്രാന്താണെന്ന് ഉറപ്പിച്ചു. തുടർന്ന് നവംബർ 25ന് വിക്രാന്ത് തുറമുഖത്തുണ്ട് എന്നൊരു സന്ദേശം പാകിസ്താനിലേക്ക് അയച്ചു. അതേ സമയം രാജ്പുതിൽ നിന്നുള്ള സന്ദേശങ്ങൾ കാരണം ആകെ കുഴങ്ങിയ മദ്രാസിലെ നേവിക്കാർ വൈസ് അഡ്മിറൽ കൃഷ്ണനെ ടെലിഫോണിൽ ബന്ധപ്പെട്ടു. നീരസഭാവേന “വിക്രാന്തിന്റെ” എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുത്തേക്കാൻ പറഞ്ഞ് കൃഷ്ണൻ ഫോൺ കട്ട് ചെയ്തു. അതും കൂടി ചോർന്നുകിട്ടിയപ്പോൾ വിശാഖപട്ടണത്തുള്ളത് വിക്രാന്ത് തന്നെ എന്ന് പാകിസ്ഥാനും ഉറപ്പിച്ചു. തുടർന്ന് വിക്രാന്തിനെ ആക്രമിക്കാനും വിക്രാന്തിന്റെ പാതയിൽ മൈൻ വിരിക്കാനും ഘാസി നിയോഗിക്കപ്പെട്ടു.
ബംഗാൾ ഉൾക്കടലിൽ പതുങ്ങിക്കിടന്നിരുന്ന ഘാസി വിശാഖപട്ടണം തീരത്തേക്ക് അടുത്തു. ഘാസിയിൽ നിന്ന് പടർന്ന എണ്ണപ്പാട തിരിച്ചറിഞ്ഞ മുക്കുവർ അത് നാവികസേനയെ അറിയിച്ചു. അതേസമയം കപ്പലിൽ യാത്രയ്ക്കാവശ്യമായ എണ്ണ നിറയ്ക്കുകയായിരുന്നു ഐ.എൻ.എസ് രാജ്പുത്. ഘാസിയുടെ സാമീപ്യം മനസ്സിലാക്കിയ തുറമുഖ അതോറിറ്റി വിശാഖപട്ടണം തുറമുഖത്ത് ഹൈ അലർട്ട് പ്രഖ്യാപിച്ചു. തീരം ആക്രമണസജ്ജമാക്കുകയും ചെയ്തു. ഓഫീസിലെത്തിയ കൃഷ്ണൻ ഇന്ദർ സിങിനോട് അടിയന്തിരമായി വിശദമായ കൂടിക്കാഴ്ചയ്ക്ക് എത്താൻ ആവശ്യപ്പെട്ടു. എണ്ണ നിറയ്ക്കുന്നത് പൂർത്തിയാകുന്ന ഉടൻ തന്നെ തീരം വിട്ടുകൊള്ളാനും തുറമുഖത്തെ വിളക്കുകൾ അണയ്ക്കുന്നതിനാൽ തീരം വിട്ടാൽ ഉടൻ തന്നെ സ്വന്തം സുരക്ഷ നോക്കിക്കൊള്ളാനും ഉത്തരവിട്ടു. തീരം വിട്ടാൽ കടലിൽ എവിടെയും ഘാസി പതുങ്ങിക്കിടപ്പുണ്ടാകാമെന്നും സൂചിപ്പിച്ചു. അതുകൊണ്ടു തന്നെ ഉൾക്കടലിലേക്ക് ഒരു കപ്പൽ വരുന്നതു കണ്ടാൽ അത് വിക്രാന്താണെന്ന് കരുതി ഘാസി അടുക്കാൻ സാദ്ധ്യതയുണ്ടെന്നും അങ്ങനെ സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ അവിടവിടെയായി ഡെപ്ത്ത് ചാർജ്ജുകൾ (അന്തർവാഹിനിയെ തകർക്കാനുപയോഗിക്കുന്ന ബോംബുകൾ) ഇടാനും നിർദ്ദേശിച്ചു.
ഏതാണ്ട് അർദ്ധരാത്രിയോടടുത്ത സമയത്ത് എണ്ണ നിറയ്ക്കൽ പൂർത്തിയാക്കിയ രാജ്പുത് മെല്ലെ തീരം വിട്ടു. ഉൾക്കടലിലേക്ക് കയറുന്ന നേരിയ കപ്പൽച്ചാലിലൂടെ മുന്നോട്ടു പോകവേ ഇന്ദർ സിങ്ങിന് ഒരു സംശയം തോന്നി. അഥവാ കപ്പൽ ഉൾക്കടലിലേക്ക് കടക്കുന്ന ഭാഗത്ത് എവിടെയെങ്കിലും ഘാസിയുണ്ടെങ്കിൽ? ഉടൻ തന്നെ അദ്ദേഹം കപ്പലിന്റെ എഞ്ചിനുകൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. അല്പസമയത്തിനകം ആ ഇരുളിനെ കീറിമുറിച്ചുകൊണ്ട് തന്റെ പരമാവധി വേഗതയിലേക്ക് കുതിച്ചുകൊണ്ട് രാജ്പുത് യാത്ര പുനരാരംഭിച്ചു. കപ്പൽച്ചാൽ കടന്നയുടൻ പരമാവധി വേഗതയിലെത്തുകയായിരുന്നു ഇന്ദർ സിംഗിന്റെ ലക്ഷ്യം. എന്നാൽ കപ്പൽച്ചാലിന്റെ വീതിക്കുറവ് രാജ്പുതിന് വലിയൊരു ഭീഷണിയായിരുന്നു താനും. അതേസമയം വിക്രാന്തിനെ തെരഞ്ഞ് മടുത്ത ഘാസി തന്റെ രണ്ടാമത്തെ ലക്ഷ്യമായ മൈൻ വിരിക്കലിലേക്ക് കടന്നിരുന്നു. ഉപരിതലത്തിൽ നിന്നിരുന്ന ഘാസി പെട്ടെന്നാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. വിക്രാന്തിനെ പ്രതീക്ഷിച്ചു നിന്ന ഘാസിയുടെ പാതയിലേക്ക് അതിവേഗം പാഞ്ഞടുക്കുന്ന ഒരു ഡിസ്ട്രോയർ! ഭയന്നുപോയ ഘാസിയുടെ കമാൻഡർ എത്രയും വേഗം അന്തർവാഹിനിയെ ജലാന്തർഭാഗത്തേക്ക് കൂപ്പുകുത്തിക്കുവാൻ ഉത്തരവിട്ടു. നിമിഷങ്ങൾ കൊണ്ട് ഘാസി വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു.
കടലിൽ എന്തെങ്കിലും അസ്വാഭാവികമായി ഉണ്ടോ എന്ന് വീക്ഷിക്കുകയായിരുന്ന രാജ്പുതിലെ നാവികർ കടലിൽ ഒരു ഭാഗത്ത് സംഭവിച്ച അസ്വാഭാവികമായ ചലനം ശ്രദ്ധിച്ചു. അത് ശ്രദ്ധയിൽപ്പെട്ട ഇന്ദർ സിങ് തന്റെ പരിചയസമ്പന്നത കൊണ്ട് അതൊരു വലിയ വസ്തുവാണെന്നും അന്തർവാഹിനിയാകാമെന്നും ഊഹിച്ചു. പരമാവധി വേഗത്തിൽ അതേ സ്ഥലത്തേക്ക് കപ്പൽ പായിക്കാൻ അദ്ദേഹം ഉത്തരവിട്ടു. ആ സ്ഥലത്തെത്തിയതും രണ്ടു ഡെപ്ത്ത് ചാർജ്ജുകൾ ഒരേസമയം കടലിലേക്ക് വിക്ഷേപിച്ചു. രാജ്പുത് ഒട്ടൊന്നു മുൻപോട്ടു പോകുമ്പോഴേക്കും അതിഭീകരമായ ഒരു സ്ഫോടനശബ്ദമുയർന്നു. കടൽവെള്ളം മുകളിലേക്ക് ഉയർന്നുതെറിച്ചു. പോയ വഴിയിൽ 180 ഡിഗ്രി തിരിവെടുത്ത് അടുത്ത ആക്രമണത്തിന് തയ്യാറായി രാജ്പുത് കാത്തുനിന്നു. കുറച്ചധികം നേരം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. സന്തുഷ്ടനായ ഇന്ദർ സിംഗ് രാജ്പുതിന്റെ യാത്ര പുനരാരംഭിക്കാൻ ഉത്തരവിട്ടു. ഏകദേശം പന്ത്രണ്ടേകാലോടടുത്ത സമയത്ത് നടന്ന ആ സ്ഫോടനത്തിന്റെ മുഴക്കം വിശാഖപട്ടണം നിവാസികൾക്ക് ഭൂമികുലുക്കമായാണ് അനുഭവപ്പെട്ടത്.
വിക്രാന്തിനെ പ്രതീക്ഷിച്ചിരുന്ന ഘാസി തീർത്തും അപ്രതീക്ഷിതമായാണ് രാജ്പുതിനെ കാണുന്നത്. ഒരു ഡിസ്ട്രോയറിന്റെ മുന്നിൽ പിടിച്ചു നിൽക്കുക ഒരു അന്തർവാഹിനിക്ക് അത്ര എളുപ്പമല്ല. കാരണം പടക്കപ്പലുകളിൽ ക്രൂയിസർ കഴിഞ്ഞാൽ ഏറ്റവും വലിപ്പമുള്ളവയാണ് ഡിസ്ട്രോയറുകൾ. വിമാനവാഹിനികളിലേതിൽ നിന്ന് വ്യത്യാസമായി ഡിസ്ട്രോയറുകളിൽ ധാരാളം കപ്പൽവേധ ആയുധങ്ങളും ഉണ്ടാകും. അതറിയാവുന്ന ഘാസിയുടെ കമാണ്ടർ പെട്ടെന്ന് കൂപ്പുകുത്താൻ ആവശ്യപ്പെട്ടത് കാരണം ഘാസി ആക്രമിക്കാനുള്ള പൊസിഷനിൽ നിന്ന് രക്ഷപ്പെടാനുള്ള പൊസിഷനിലേക്ക് മാറി. ഘാസിയിലേക്ക് രാജ്പുത് വിക്ഷേപിച്ച ഡെപ്ത് ചാർജ്ജുകൾ ഘാസിയെ ബാധിച്ചു. അത് ഘാസിയുടെ വേഗത അനിയന്ത്രിതമാക്കി. കൂപ്പുകുത്തിയ ഘാസി മൂക്കിടിച്ചു തകർന്ന് ബംഗാൾ ഉൾക്കടലിൽ നിതാന്തനിദ്ര കൊണ്ടു. രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ഹാച്ച് തുറക്കാൻ ശ്രമിച്ച നാവികർ അത് തുറക്കാനാവാതെ മുങ്ങിമരിച്ചു.
പിറ്റേന്ന് മുക്കുവർ മുഖേന കണ്ടെടുത്ത കടലിൽ ഉയർന്നു പൊങ്ങിയ അവശിഷ്ടങ്ങളിൽ നിന്ന് ഘാസി തകർന്നു തരിപ്പണമായെന്ന് നാവികസേന തിരിച്ചറിഞ്ഞു. തുടർന്ന് കൂടുതൽ തെരച്ചിലിനായി മുങ്ങൽവിദഗ്ദ്ധരെ നിയോഗിച്ചെങ്കിലും കടൽ പ്രക്ഷുബ്ദമായിരുന്നതിനാൽ തെരച്ചിൽ നേരെ നടന്നില്ല. അവസാനം ഡിസംബർ എട്ടോട് കൂടിയാണ് നേവിയിലെ വിദഗ്ദ്ധർക്ക് ഘാസിയെ കണ്ടെത്താൻ സാധിച്ചത്. ചീഞ്ഞഴുകിയ അറുപത് മൃതദേഹങ്ങൾ തിങ്ങിനിറഞ്ഞ് ഘാസിയിലെ ഓപ്പണിങ് ഹാച്ച് അടഞ്ഞിരുന്നു. അവയെല്ലാം മാറ്റി അതിലെ ലോഗ്ബുക്ക് അടക്കമുള്ള വസ്തുക്കൾ വീണ്ടെടുത്ത കൂട്ടത്തിൽ അമൂല്യമായ ഒന്ന് കൂടി ഇന്ത്യ കണ്ടെടുത്തു. ഘാസിയിലെ ക്ലോക്ക്. സ്ഫോടനം നടന്ന പന്ത്രണ്ടേകാലിന് നിലച്ചുപോയ ആ ക്ലോക്ക് ഇന്ത്യയുടെ അവകാശവാദത്തെ പൂർണ്ണമായി സാധൂകരിച്ചു. ഘാസിയിലെ അറുപതു മനുഷ്യരുടെ നിലച്ചുപോയ ജീവന്റെ അടയാളമായി അവശേഷിച്ച ആ ക്ലോക്ക് രാജ്പുതിന്റെ വീരേതിഹാസം ലോകത്തോട് വിളിച്ചുപറഞ്ഞു. എന്നത്തേയും പോലെ പാകിസ്താന് അന്നും ആ പരാജയം ഉൾക്കൊള്ളാൻ സാധിച്ചില്ല. കുറേക്കാലം ആൾക്കാരെ പറ്റിച്ചുനടന്ന പാകിസ്ഥാൻ രണ്ടു പതിറ്റാണ്ടിനു ശേഷമാണ് ഘാസി ഇന്ത്യൻ നാവികസേനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കവേ “സ്വന്തം മൈനിൽ തട്ടി” തകർന്നു എന്നെങ്കിലും സമ്മതിച്ചത്.
പി.എൻ.എസ് ഘാസി തകർന്നതോടെ ആത്മവിശ്വാസം ഇല്ലാതായ പാക് നാവികസേന ഇന്ത്യയുടെ കനത്ത ആക്രമണങ്ങളെ നേരിടാനാകാതെ പരാജയം സമ്മതിച്ചു എന്നത് ചരിത്രം. 1971 ലെ യുദ്ധത്തെ നിർണയിക്കുന്നതിൽ നിർണായകമായി പി.എൻ.എസ് ഘാസിയുടെ തകർച്ച മാറുകയും ചെയ്തു
Discussion about this post